എന്റെ ആ അമ്മ മരിച്ചിട്ട് നാല് വര്‍ഷമാകുന്നു....

എന്നെക്കുറിച്ച് ഞാന്‍ കെട്ടിയുണ്ടാക്കിയ കഥയിലെ എന്റെ അമ്മയായിരുന്നു അവര്‍.
ഞാന്‍ തന്നെയായിരുന്നു നായകന്‍.
അച്ഛനും അമ്മയുമില്ലാതെ ശൂന്യതയില്‍നിന്ന് പിറന്നവനാകരുത് നായകനെന്ന് നിര്‍ബന്ധമുണ്ടായിരുന്നു...
അമ്മയെ തിരഞ്ഞപ്പോഴെല്ലാം മനസ്സില്‍ തെളിഞ്ഞത് ആ മുഖമായിരുന്നു. വലിയ കണ്ണുകളില്‍ ഒരു കടലല ഒതുക്കി നിര്‍ത്തിയ ആ കണ്ണുകള്‍....
അങ്ങനെ ഞാന്‍ കെട്ടിയുണ്ടാക്കിയ കഥയില്‍ ശ്രീവിദ്യ എന്റെ അമ്മയായി....
ആ കണ്ണുകള്‍ എന്നെ നോക്കി വാല്‍സല്ല്യം ചൊരിഞ്ഞു...
എന്നെ നോക്കി ശകാരിച്ചു.... എന്നോട് പരിഭവിച്ചു...
ഞാനുമായി പിണങ്ങി....
നെഞ്ചുവിങ്ങിയ നേരങ്ങളില്‍ നെറുകയില്‍ തലോടി ആശ്വസിപ്പിച്ചു...

എപ്പോഴായിരുന്നു ശ്രീവിദ്യയില്‍ അമ്മയെ ഞാന്‍ കണ്ടെത്തിയത്?ഉച്ചനേരങ്ങള്‍ കട്ടെടുത്ത് നാലഞ്ച് കിലോ മീറ്റര്‍ അപ്പുറത്തെ ഓല പാകിയ സിനിമ കൊട്ടകയിലെ ബെഞ്ചുകളെ ക്ലാസിലെ മരബെഞ്ചിനെക്കാള്‍ പ്രണയിച്ചുനടന്ന കാലത്തായിരുന്നു അത്. പ്രേംനസീറിന്റെയും മധുവിന്റെയും ഭാര്യയായി സോമന്റെയും സുകുമാരന്റെയും അമ്മയായി വലിച്ചുകെട്ടിയിട്ടും കടല്‍കാറ്റിലുലയുന്ന വെള്ളിത്തിരയിലേക്കവര്‍ ഇറങ്ങിവരുന്നത് കാണാന്‍ എത്രയെത്ര തവണ പോയിരുന്നിട്ടുണ്ട്.
ഓരോ തവണയും തുടയില്‍ മാഷന്മാരും വീട്ടുകാരും തല്ലി തളര്‍ന്നിട്ടും ചോര കിനിഞ്ഞിട്ടും വിട്ടുപോയില്ല ആ ആവേശം. ചെറുപ്പത്തില്‍ വേര്‍പിരിഞ്ഞുപോയ കുട്ടി നാളുകള്‍ക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തുന്ന ആനന്ദമായിരുന്നു ഓരോ തവണയും അവരെ കാണുമ്പോള്‍....
കൊല്ലത്തെ നാന സിനിമാ വാരികയുടെ ഓഫീസില്‍ നിന്ന് അവരുടെ മേല്‍വിലാസം ഫോണ്‍ വിളിച്ച് സംഘടിപ്പിച്ചപ്പോഴേക്കും അവര്‍ വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ അമ്മ വേഷവും കെട്ടിക്കഴിഞ്ഞിരുന്നു... കൂട്ടത്തില്‍ അവര്‍ മമ്മൂട്ടിയുടെ അമ്മ മാത്രമല്ല; പെങ്ങളും ഭാര്യയും കാമുകിയും അമ്മായിയമ്മയുമൊക്കെയായി വേഷമിട്ടു....
ലേഡി മാധവന്‍ സ്ട്രീറ്റില്‍ താമസിച്ചിരുന്ന അവര്‍ക്കെഴുതിയ കത്തിലെ ആദ്യത്തെ വാചകം ഇപ്പോഴും ഓര്‍മയുണ്ട് 'സ്നേഹപൂര്‍വം വിദ്യാമ്മയ്ക്ക്....'
അമ്മേ എന്ന് വിളിച്ചോട്ടെ എന്ന് ചോദിച്ചായിരുന്നു ആദ്യത്തെ കത്ത്...
അതിനവര്‍ മറുപടി തന്നില്ല....
അങ്ങനെ വിളിച്ചോളാന്‍ അനുമതി തന്നതായി കരുതി തുരുതുരാ അവര്‍ക്ക് കത്തുകള്‍ എഴുതി...
എല്ലാ കത്തിലും 'പ്രിയപ്പെട്ട അമ്മേ...' എന്നുതന്നെ വിളിച്ചു..
ഒരു കത്തിനും അവര്‍ മറുപടി തന്നില്ല...
ഒരു കത്തും മടങ്ങിവന്നില്ല.
മേല്‍വിലാസമെഴുതാന്‍ മറന്ന് അമ്മാവനയച്ച കത്ത് മദ്രാസിലെ ഡെഡ് ലെറ്റര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് ഉപദേശിയായി എന്നെ തിരക്കി വന്നിട്ടും അമ്മയ്ക്കെഴുതിയ കത്തുകള്‍ അങ്ങനെപോലും അവകാശികളില്ലാതെ തിരിച്ചെത്തിയില്ല..
എന്റെ കത്തുകളില്‍ ഒന്നുപോലും അമ്മ വായിച്ചുനോക്കിയിട്ടുണ്ടാവില്ല...
അല്ലെങ്കില്‍ വായിച്ച് മറുപടി എഴുതേണ്ടെന്ന് തോന്നി ചവറുകള്‍ക്കിടയില്‍ വലിച്ചെറിഞ്ഞിരിക്കാം...
ഒരു ചെറിയ കുട്ടിയുടെ കുസൃതിയെന്നോ നേരമ്പോക്കെന്നോ കരുതി ചിരിച്ചുതള്ളിയിരിക്കാം..
ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു...
സ്കൂളിലെ ക്ലാസുകളിലെ ഓരോ കയറ്റങ്ങളും, പത്താം ക്ലാസിലെത്തിയതും, ആദ്യമായി കൂട്ടുകാരിയോട് പ്രണയം മൊട്ടിട്ടതും, കൊല്ല പരീക്ഷയില്‍ നൂലിഴ വ്യത്യാസത്തില്‍ ഫസ്റ്റ് ക്ലാസ് കിട്ടാതെ പോയതും, കോളജില്‍ ചേര്‍ന്നതും രാഷ്ട്രീയപ്പോരില്‍ തല്ലു കിട്ടിയതും ബസിന് കല്ലെറിഞ്ഞതും പ്രീഡിഗ്രി തോറ്റുപോയതും എഴുതി അറിയിച്ചു...
അമ്മ ഒന്നും പറഞ്ഞില്ല..
ഡിഗ്രി മികച്ച മാര്‍ക്കുമായി പ്രായശ്ചിത്തത്തോടെ വിജയിച്ചതും പത്രപ്രവര്‍ത്തക കോഴ്സിന് ചേര്‍ന്നതുമെല്ലാം എഴുതിക്കൊണ്ടേയിരുന്നു...
അമ്മ മറുപടിയായി ഒരു വരിപോലും കുറിച്ചില്ല...
അതിനിടയില്‍ എപ്പോഴോ കത്തെഴുതുന്ന ശീലങ്ങളില്‍നിന്ന് ഞാന്‍ തെറിച്ചുപോയിരുന്നു...
ഒരു വാക്കുപോലും ആര്‍ക്കും എഴുതാതെയായി.
പോസ്റ്റ്മാന്‍ അന്യഗ്രഹജീവിയായി.
പിന്നെ അവരെ കണ്ടത് അല്‍ഫോണ്‍സച്ഛന്റെ തോളില്‍ തല ചായ്ച്ച് ജീവിതത്തിന്റെ കയ്പ്പും നിരാശയുമെല്ലാം ഇറക്കിവെക്കാന്‍ വെമ്പുന്ന മാഗി മദാമ്മയായിട്ടായിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്റെ, രഘുവരന്റെ ഏറ്റവും മികച്ച കഥാപാത്രത്തിന് കൂട്ടുകാരിയായി.

2005ലെ മാധ്യമം പത്രത്തിന്റെ ഓണപ്പതിപ്പിലേക്ക് ഒരോണക്കാല ഓര്‍മ വേണമെന്നും അതൊരു പഴയകാല സെലിബ്രിറ്റിയുടെതാകണമെന്നും പത്രാധിപര്‍ പറഞ്ഞപ്പോള്‍ അമ്മമുഖം വീണ്ടും തെളിഞ്ഞു...
ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ റിംഗ് മുഴങ്ങുമ്പോള്‍ നെഞ്ചിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.
''ഹലോ'' എന്ന ശബ്ദത്തിന് മറുപടിയായി 'അമ്മേ' എന്ന് വിളിക്കണമെന്നുണ്ടായിരുന്നു.
എന്തുകൊണ്ടോ അത് മാത്രം പുറത്തുവന്നില്ല... പകരം 'മാഡം' എന്നു വിളിച്ചു കാര്യം പറഞ്ഞു.
മലയാളികള്‍ക്ക് നടുവില്‍ മറ്റൊരു മലയാളിയായി ജീവിച്ച ശ്രീവിദ്യയുടെ മറുപടിയായിരുന്നു വിചിത്രം.
ഓണം എന്ന മലയാളികളുടെ മഹോല്‍സവം അവര്‍ക്കൊരു കേട്ടറിവു മാത്രമായിരുന്നു. സുഹൃത്തുക്കളായി കുറച്ചുപേര്‍ മാത്രം. അവരില്‍ അധികവും മലയാളികളായിരുന്നിട്ടും ഇന്നുവരെ അമ്പതു വര്‍ഷത്തിനിടയില്‍ ഒരാളും ഒരോണത്തിനും അവരെ ക്ഷണിച്ചിരുന്നില്ല. ഒരാശംസ പോലും കൈമാറിയിരുന്നില്ല. അക്കുറിയും ഓണമാകുമ്പോള്‍ പതിവുപോലെ തിരുവനന്തപുരത്ത്നിന്ന് ചെന്നൈയിലേക്ക് ചേക്കേറുമെന്നും അവര്‍ പറഞ്ഞു.
ഈ ഓണത്തിന് ഞങ്ങള്‍ ക്ഷണിച്ചാല്‍ വരുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ എന്റെ ആരാ? നിങ്ങളെ എനിക്കൊരു മുന്‍പരിചയവുമില്ലല്ലോ എന്ന മറുചോദ്യമെയ്തു വീഴ്ത്തിക്കളഞ്ഞു അവര്‍.
പറയാതിരിക്കാനായില്ല ഞാന്‍ മെനഞ്ഞ കഥയില്‍ നിങ്ങള്‍ എന്റെ അമ്മയായിരുന്നുവെന്ന്...
അവര്‍ ചിരിച്ചു....
''കുട്ടീ, ആ കത്തുകള്‍ ഇനിയും എഴുതാവുന്നതേയുള്ളു''
അപ്പോള്‍ ഞാന്‍ കുട്ടിയായി. ഓര്‍മയില്‍ അമ്മിഞ്ഞപ്പാലിന്റെ മണം കിനിഞ്ഞു. ഉള്ളുലഞ്ഞുവിളിച്ചുപോയി''അമ്മേ....'' വര്‍ഷങ്ങള്‍ നീണ്ട തപസ്സിനൊടുവില്‍ അവര്‍ സമ്മതം തന്നപോലെ,
അമ്മേ എന്ന് വിളിക്കാന്‍...
പിന്നെയും പലവട്ടം ഒരു ഫോണിന്റെ അക്കരെയിക്കരെയിരുന്നു ''അമ്മേ...'' എന്ന് നീട്ടി വിളിച്ചു..
തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിന് വരുമ്പോള്‍ ഡിസംബറില്‍ പി.ടി.പി നഗറിലെ വീട്ടില്‍ നേരിട്ടുവന്നു കാണാം എന്ന് വാക്കോതി. പക്ഷേ, കഴിഞ്ഞില്ല.

ഒരു ദിവസം വൈകിയ നേരം തിരക്കിട്ട് ന്യൂസ്റൂമിലേക്ക് കയറിവരുമ്പോള്‍ ടി.വിയില്‍ ഫ്ലാഷ്.
എന്റെ അമ്മ മരിച്ചുപോയി....
ജീവിച്ചിരുന്നപ്പോള്‍ നേരില്‍ കാണാനാവാതെ പോയ അമ്മയുടെ മരണചിത്രത്തിന് മുന്നില്‍ തല കുമ്പിട്ട് നില്‍ക്കാന്‍ മനസ്സു വന്നില്ല.
പോയില്ല...
ഇന്ന് എന്റെ അമ്മ മരിച്ചിട്ട് നാല് വര്‍ഷമാകുന്നു...
എന്നെ പ്രസവിക്കാത്ത എന്റെ അമ്മ.
അവര്‍ക്ക് പ്രസവിക്കാന്‍ ഗര്‍ഭപാത്രം പോലും നിഷേധിച്ചവരാണല്ലോ ഈ ലോകം....

മുറിവാല്‍:
എന്റെ മൊബൈലില്‍ ഇപ്പോഴൂം ആ ബി.എസ്.എന്‍.എല്‍ നമ്പര്‍ സേവ് ചെയ്തിട്ടിട്ടുണ്ട്.
അമ്മ എന്ന പേരില്‍.
മരണശേഷം ആ നമ്പര്‍ നിലവിലില്ല എന്നായിരുന്നു വിളിച്ചപ്പോഴൊക്കെ മറുപടി.
ഈ നാലാം മരണവാര്‍ഷികത്തില്‍ വീണ്ടും ആ നമ്പറിലേക്ക് മറുപടിയുണ്ടാവില്ലെന്നുറപ്പിച്ച് ഒന്നുകൂടി റിംഗ് ചെയ്തു.
ദൈവമേ! റിംഗ് ചെയ്യുന്നു.
മരിച്ചവര്‍ വിളികേള്‍ക്കുമോ?
അപ്പുറത്തൊരു പുരുഷ ശബ്ദം.
ആ നമ്പറില്‍ ഇപ്പോള്‍ കണ്ണൂര്‍ കലക്ടറുടെ ഗണ്‍മാന്‍ സംസാരിക്കുന്നു

രണ്ടായിരം വയസ്സായ കന്നിത്തമിഴാണ് നീ


പതിനഞ്ച് വര്‍ഷം മുമ്പ് ഇതുപോലൊരു ദിവസം (സെപ്റ്റംബര്‍ 23) ചങ്ങനാശ്ശേരി എസ്.ബി കോളജിന്റെ മുന്നില്‍ കൊളുത്തിവെച്ചചെറിയൊരു നിലവിളക്കിന് പിന്നിലാണ് ആ വാര്‍ത്ത വായിച്ചത്. സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തു. ഒരു ക്വിസ് മല്‍സരത്തിനായിആ കോളജിന് മുന്നില്‍ ബസ്സിറങ്ങിയതായിരുന്നു.

എത്രയോ ദിവസങ്ങള്‍ കോളജ് വരാന്തകള്‍ പിന്നെ മൂകമായിരുന്നു.
മരച്ചുവടുകള്‍ ആ മരണത്തെക്കുറിച്ച് പറഞ്ഞ് കരഞ്ഞു.
യൗവനങ്ങളുടെ ഉറക്കമകന്ന രാവുകളില്‍ എത്രയെത്രവണ അവര്‍കൂട്ടുണ്ടായിരുന്നു?
ആ കണ്ണുകളില്‍ മുങ്ങിച്ചാവാന്‍ കൊതിക്കാത്തവര്‍ അന്ന്ആരുണ്ടായിരുന്നു?


അവര്‍ കടിച്ചെറിഞ്ഞ ആപ്പിള്‍ ലക്ഷങ്ങള്‍ക്ക് ലേലത്തില്‍ പോയത്‌ വിലയുള്ള വാര്‍ത്തയായിരുന്നു.
പിന്നെയും മരച്ചുവടുകള്‍, വരാന്തകള്‍ ശോകമൂകമായി കിടന്നു...
ഇന്നും ഏതോ നിനൈപ്പുകളില്‍ ഇനിപ്പായി അവര്‍ വരുന്നുണ്ട്.
രാജമുണ്‍ട്രിയുടെ പുഴയോരത്ത് പൂത്തോണിയടുക്കുമ്പോള്‍അവരുണ്ട്...
ഒരു നനഞ്ഞ കണ്ണനക്കമായി അവരിപ്പോള്‍ ദൈവത്തിന് മുന്നില്‍ നില്‍ക്കുന്നുണ്ടാവും...
വിജയിയായി വരാന്‍ തലയില്‍ വരച്ചു വിട്ടിട്ടും തേറ്റോടി തിരിച്ചെത്തിയതിന് ദൈവം അവരെശാസിക്കുന്നുണ്ടാവണം.
അലക്കി വെളുപ്പിച്ച കുപ്പായത്തില്‍ ചളിയാക്കി തിരിച്ചുവന്നതിന് അമ്മ ശാസിക്കുമ്പോള്‍ തലകുനിച്ച് നില്‍ക്കുന്നകുഞ്ഞിനെപ്പോലെ അവര്‍ കീഴോട്ട് നോക്കി നില്‍ക്കുന്നുണ്ടാവും.
ആ കണ്ണുകള്‍ ഇപ്പോഴും തോരാത്ത കദനത്തിന്റെ നനവില്‍ പുരണ്ടു കിടക്കുന്നുണ്ടാവും....

വി.ജി. തമ്പിയുടെ ആ കവിതപോലെ
രണ്ടായിരം വയസ്സായ കന്നിത്തമിഴാണ് നീ

ദേശീയ അവാര്‍ഡിലെ നാവുളുക്ക്


പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന കാലത്തെ കഥയാണ്. നാവിന്റെ കെട്ടുപാടില്ലാതെ പല സ്ഥലത്തിന്റെയും പേരുകള്‍ഉച്ചരിക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ എല്ലാറ്റിനെയുമങ്ങ് ചുരുട്ടിക്കെട്ടി. അങ്ങനെ മംഗലാപുരം മാംഗ്ലൂര്‍ ആയി. തിരുച്ചിറപ്പള്ളി എന്ന തൃശãിനാപ്പള്ളി വാലുപോയ പല്ലിപോലെ ട്രിച്ചിയായി. തിരുവനന്തപുരത്തെ വരിഞ്ഞുകെട്ടിട്രിവാന്‍ട്രമാക്കിയെടുത്തു. തലശേãരിയുടെയും കൊല്ലത്തിന്റെയുമൊക്കെ കഥ പറയുകയേ വേണ്ട. നാവുളുക്കാതെമൊഴിയാന്‍ കഴിയാത്തതിനാല്‍ കോഴിക്കോടിന്റെ പേര് കാലിക്കറ്റായി. ആലപ്പുഴ എന്തോ പീപ്പി പോലെ ആലപ്പീയുമായി.
വീണ്ടുമീ ബ്രിട്ടീഷ്രാജ് ഓര്‍മ വന്നത് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കാന്‍പാടുപെടുന്ന ജൂറി ചെയര്‍മാന്‍ രമേശ് സിപ്പിയെ കണ്ടപ്പോഴാണ്. കൂട്ടത്തില്‍ ഒത്തിരി പറഞ്ഞുപഴകിയ നമ്മുടെ തനിനാടന്‍ കഥയും ഓര്‍മ വന്നു. സൈക്കിളില്‍ ലോഡ് കയറിപ്പോയവനെ പിടിച്ച പോലീസുകാരന്റെ അക്ഷരജ്ഞാനത്തിന്റെകഥ. ദൃഷ്ടദ്യുമ്നന്‍ എന്ന് പറയാനോ എഴുതാനോകഴിയാത്തതിനാല്‍ ബാബു എന്ന് നാമകരണം ചെയ്ത് ചരിത്രംസൃഷ്ടിച്ച പോലീസുകാരന്റെ കഥ. പില്‍ക്കാലത്ത് കഥയ്ക്ക് ഒരു ടിന്റുമോന്‍ തര്‍ജമ വന്നതും ഓര്‍ത്തുപോയി. ജനിച്ചത് ചെക്കോസ്ലോവാക്യയിലാണെന്ന് വീമ്പടിച്ച ടിന്റുമോന്‍ടീച്ചറെ പറ്റിച്ച് ഗോവയിലെത്തിയ കഥ.
ഇത്രയും തിരക്കിട്ട് ഇതെല്ലാം ഓര്‍മിക്കാന്‍ കാരണം ഏറ്റവുംമികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് 'കുട്ടിസ്രാങ്കി'ന്പ്രഖ്യാപിക്കാന്‍ രമേശ് സിപ്പി പെട്ട പാട് കണ്ടിട്ടാണ്. അത്കണ്ടപ്പോള്‍ 'കൃഷ്ണമൂത്രി' എന്നു വിളിച്ച 'വിയറ്റ്നാംകോളനി'യിലെ കെ.പി..സി ലളിതയെയും ഓര്‍മവന്നു. കുട്ടിസ്രാങ്ക് 'സ്രാങ്ക്' ആണോ 'ശ്രാങ്ക്' ആണോ എന്നായിരുന്നുസിപ്പി സായിപ്പിന്റെ സംശയം. മുന്നിലിരുന്ന പത്രക്കാരില്‍ഒരാള്‍ spelling പറഞ്ഞുകൊടുക്കുന്നതും കേട്ടു. ഇന്ത്യയിലെന്നല്ല ലോകത്തുള്ളവരെല്ലാം അനായാസം വിളിച്ചു പരി
ചയിച്ച 'റസൂല്‍ പൂക്കുട്ടി' എന്ന പേര് ഒന്ന് ഒപ്പിച്ചുപറയാന്‍ അങ്ങോര് പെട്ട പാട് ചില്ലറയായിരുന്നില്ല. അതിനേക്കാള്‍ മൂപ്പര്‍ പെട്ടു പോയത് റസൂല്‍ പൂക്കുട്ടിക്ക് മികച്ചശബ്ദലേഖനത്തിനുള്ള അവാര്‍ഡ് കിട്ടിയ ചിത്രത്തിന്റെ പേര് പറയാനാണ്. 'കേരാാാാല.... വര്മ.... പസസ്സി റജ'. പത്രസമ്മേളനം നടത്തുമ്പോള്‍ മേശപ്പുറത്ത് ഗ്ലാസില്‍ വെള്ളം വെക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയത്. സംഭവംകേരളവര്‍മ്മ പഴശãിരാജ'യാണ്. വയനാടന്‍ കാടുകളില്‍ കമ്പനിപട്ടാളം പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ല എന്ന് പഴയകളക്ടര്‍ ബാബറുടെ രേഖകളോ ലോഗന്റെ മലബാര്‍ മാന്വലോ പരിശോധിച്ചാല്‍ മാന്യവായനക്കാര്‍ക്ക് മനസ്സിലാവും.
ഇത്രയും എടങ്ങേറായ കക്ഷിക്ക് അനായാസം പറയാന്‍ കഴിയുന്ന ഒരേയൊരു പേരേ ഇക്കുറി അവാര്‍ഡിന് വന്നചിത്രങ്ങളില്‍ ഉണ്ടായിരുന്നുള്ളു. 'പാാ'. അതുകൊണ്ട് ദൃഷ്ടദ്യുമ്നനനെ ബാബുവാക്കിയ പോലീസുകാരനെപ്പോലെചെക്കോസ്ലോവാക്യയെ ഗോവയാക്കിയ ടിന്റുമോനേപ്പോലെ സിപ്പി സാര്‍ മികച്ച നടനെ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞുപരിശീലിച്ച 'അമിതാഭ് ബച്ച'നെന്നും 'പാാ' എന്നുമൊക്കെ തട്ടിവിട്ടു. അതല്ലാതെ 'മമ്മൂട്ടി' എന്നും 'പാലേരി മാണിക്യം ഒരുപാതിരാക്കൊലപാതകത്തിന്റെ കഥ' എന്നുമൊക്കെ പറഞ്ഞൊപ്പിക്കണമെങ്കില്‍ അടുത്ത അവാര്‍ഡ് കമ്മിറ്റി നിലവില്‍വന്നാലും കഴിയുമായിരുന്നില്ല.
' തല്ലാതെ മമ്മൂട്ടിയോടുള്ള വിരോധം കൊണ്ടൊന്നുമല്ല അങ്ങേര്‍ക്ക് അവാര്‍ഡ്കൊടുക്കാതിരുന്നതെന്ന് പ്രിയപ്പെട്ട മമ്മൂട്ടി ഫാന്‍സുകാര്‍ വിശ്വസിക്കുക എന്നപേക്ഷിക്കുന്നു. മംഗലശേãരി നീലകണ്ഠന്‍മട്ടില്‍ നീട്ടിപ്പിടിച്ച് സിനിമക്ക് പേരിട്ട് തിയേറ്ററിലെ പരസ്യബോര്‍ഡിലെ അക്ഷരങ്ങള്‍ അടുത്ത തിയേറ്ററില്‍നിന്ന്കടംവാങ്ങിക്കുമ്പോള്‍ രഞ്ജിത്തിനെപ്പോലുള്ളവര്‍ ചതി മനസ്സില്‍ കണ്ടു കാണില്ല.
അവാര്‍ഡിന് പരിഗണിക്കപ്പെട്ട് മുന്നില്‍ വന്ന ചിത്രങ്ങളില്‍ എത്രയെണ്ണം ജൂറി ചെയര്‍മാനും അംഗങ്ങളും കണ്ടിട്ടുണ്ട്എന്ന കാര്യത്തില്‍ സംശയമുണ്ട്. കുട്ടിസ്രാങ്കില്‍ മുഴത്തിന് മുഴം പറയുന്ന പേരാണ് 'കുട്ടിസ്രാങ്ക്' എന്നത്. മലയാളമറിയാത്തവര്‍ക്കായി അതിന് സബ്ടൈറ്റിലും ഉണ്ടായിരുന്നു. പഴശãിരാജയുടെ കാര്യവും അതുതന്നെ. എന്നിട്ടുംഉച്ചരിച്ചപ്പോള്‍ അധോവാ
യു പോയെങ്കില്‍ അങ്ങോരിതൊന്നുംകണ്ടിട്ടില്ല എന്നു മനസ്സിലാക്കാന്‍ വലിയ സേതുരാമയ്യര്‍ സി.ബി.ബുദ്ധിയൊന്നും വേണ്ട.
രമേശ് സിപ്പി നമ്മുടെ സിപ്പി പള്ളിപ്പുറത്തിന്റെആരെങ്കിലുമാണോ എന്ന് ആരോ ചോദിക്കുന്നത് കേട്ടു. മൂപ്പരാള്പുലിയാണ് രാംഗോപാല്‍ വര്‍മ്മ വിചാരിച്ചിട്ടും ബച്ചനുംമോഹന്‍ലാലുമൊക്കെ ആഞ്ഞുപിടിച്ചിട്ടും പുനപ്രക്ഷേപണംഅസാധ്യമായ 'ഷോലേ'യുടെ സംവിധായകന്‍. ഷാന്‍ പോലുള്ളസിനിമകളിലൂടെ അമിതാഭ് ബച്ചനെ വളര്‍ത്തിയെടുത്തയാള്‍. അങ്ങോര് വോട്ടു മറിച്ചു വില്‍ക്കാന്‍ ഇതെന്താ ബി.ജെ.പിയുടെകേരള ഘടകമോ?
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ ദേശീയ പുരസ്കാരം കിട്ടിയമൂന്നു തവണത്തെക്കാളും അനായാസമായി ഇക്കുറി വീണ്ടും അത് നേടുമെന്ന് കരുതിയിരിക്കുമ്പോഴാണ് രമേശ് സിപ്പിയുടെരൂപത്തില്‍ ഇങ്ങനെയൊരു കൊലച്ചതി വരുന്നത്. മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി എന്ന ഒരൊറ്റ കഥാപാത്രംമതിയായിരുന്നു മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം കിട്ടാന്‍. പാലേരി മാണിക്യത്തിലെ ഒന്നിനൊന്ന് വ്യത്യസ്തമായ മൂന്ന്കഥാപാത്രങ്ങള്‍, മൂന്ന് കാലാവസ്ഥയില്‍ മൂന്ന് സാംസ്കാരികാന്തരീക്ഷത്തില്‍ മൂന്ന് സ്ത്രീകളിലൂടെ ജീവിച്ച കുട്ടിസ്രാങ്ക്, ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി മരിച്ച രാജ്യമില്ലാത്ത രാജാവായ പഴശãിരാജ, ലൌഡ് സ്പീക്കറിലെതോപ്രാംകുടിക്കാരനായ നാട്ടിന്‍പുറത്തുകാരന്‍, മാനസ്സിക സമ്മര്‍ദങ്ങളുടെ ഒരു കടല്‍ ഉള്ളിലൊതുക്കി വിങ്ങിവിങ്ങിനില്‍ക്കുന്ന കേരള കഫേയിലെ കഥാപാത്രം. അങ്ങനെ ഒറ്റവര്‍ഷം തികച്ചും വ്യത്യസ്തമായ ഒമ്പത് കഥാപാത്രങ്ങളുമായിഎത്തിയ മമ്മൂട്ടി, അമിതാഭ് ബച്ചന്റെ ഫാന്‍സി ഡ്രസ്സിനു മുമ്പില്‍ തോറ്റു പോയതല്ല. തോല്‍പ്പിക്കപ്പെട്ടതുതന്നെയാണ്. ഏതെങ്കിലും വിദേശ ജൂറിയായിരുന്നെങ്കില്‍ അങ്ങേര്പോലും ഒരുപക്ഷേ അന്തംവിട്ടുപോയേനേ ഒരു നടന്‍ ഒരു വര്‍ഷംഅവതരിപ്പിച്ച വൈവിധ്യം കണ്ട്.
ദേശീയ അവാര്‍ഡ് പ്രഖ്യാപനം ഫലത്തില്‍ ഓര്‍മിപ്പിച്ചത് കേന്ദ്ര ^ റെയില്‍വേ ബജറ്റിനെയാണ്. . അഹമ്മദ് സാഹിബ്സഹമന്ത്രിയായിട്ടും കണ്ടംചെയ്ത കോച്ചുകളും ലൊക്കടാ വണ്ടികളുമല്ലാതെ കാര്യമായൊന്നും കേരളത്തിന് കിട്ടാറില്ല. അച്ഛന്റെ ഉടുപ്പ് വെട്ടി മകന് കുപ്പായം തുന്നുന്ന പോലെ, കള്ളടിച്ച് കിറുങ്ങുമ്പോള്‍ ഒരു കഷണം ഇറച്ചി പട്ടിക്കുംഇട്ടുകൊടുക്കുന്ന കുടിയനെപ്പോലെ തമിഴനും തെലുങ്കനുമൊക്കെ ഉപയോഗിച്ച് തേഞ്ഞ ബോഗികളാണല്ലോ നമുക്കുംകിട്ടുന്നത്.
കാര്യം പറഞ്ഞു വേണ്ടത് വാങ്ങിച്ചോണ്ട് വരാനാണ് കഷ്ടപ്പെട്ട് നമ്മള്‍ കൊറേ എം.പി മാരെ അയക്കുന്നത്. പറഞ്ഞിട്ടെന്ത്കാര്യം. പാര്‍ലമെന്റില്‍ അപകടത്തിലെങ്ങാനും അഴിഞ്ഞ മുണ്ട് മുറുക്കിയുടുക്കാനായി ഒന്ന് എഴുന്നേറ്റു പോകുമോ എന്ന്പേടിച്ച് ദല്‍ഹി പിടിക്കുമ്പോള്‍ തന്നെ കാല്‍ശരായിയില്‍ കയറുന്ന, ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്തതിനാല്‍ തുമ്മാന്‍പോലും പേടിക്കുന്നവരാണ് നമ്മുടെ എം.പിമാര്‍. അതേപോലെ പോയ രണ്ട് ജൂറി മെമ്പര്‍മാരും നമുക്കുണ്ടായി. ഹിന്ദിക്കാര്‍ക്ക് വാരിക്കോരി അവാര്‍ഡ് കൊടുക്കുമ്പോള്‍ അര്‍ഹതയുണ്ടായിട്ടും അത് ചോദിച്ചു വാങ്ങാന്‍ കഴിയാത്തരണ്ട് പാവങ്ങള്‍. പണ്ട് ശ്രീകുമാരന്‍ തമ്പി ജൂറി അംഗമായിരുന്നപ്പോള്‍ കണക്കു പറഞ്ഞ് വാങ്ങിയിട്ടുണ്ട് മലയാളത്തിന്.
ഇക്കുറി മികച്ച മേക്കപ്പിനുള്ള അവാര്‍ഡ് കിട്ടിയത് പാായുടെ മേക്കപ്പ്മാനാണ്. അങ്ങേര്‍ ശരിക്കും അത് അര്‍ഹിക്കുന്നു. കാരണം, അമിതാഭ് ബച്ചനെക്കാള്‍ പായില്‍ അഭിനയിച്ചത് മേക്കപ്പ്മാനാണല്ലോ. തലയില്‍ ലാറ്റക്സിന്റെ ഒരു വലിയഹെല്‍മറ്റ് വെച്ച്കെട്ടി ബച്ചനെ ഇറക്കിവിട്ടത് അയാളാണല്ലോ. ഭാവമാണ് അഭിനയത്തിന്റെ ഏറ്റവും വലിയ മാനദണ്ഡം. ഒരു ഭാവവും കാണാത്ത ഒരു മാസ്കിന്റെ ഏകഭാവത്തിന് അവാര്‍ഡ് കൊടുത്തത്ത് മണ്ടത്തരമല്ല. തീരുമാനമാണ്. പിന്നെഅജാനുബാഹുവായ ബച്ചനെ കുള്ളാക്കി മാറ്റിയെന്നത് കാമറാ ട്രിക്കാണെന്ന് അറിയാത്തവരുണ്ടോ നാട്ടില്‍. പാാപോലും 'Curious Case of Benjamin Button' എന്ന സിനിമയുടെ മോശപ്പെട്ട അനുകരണവുമായിരുന്നു.
പണ്ട് പെരുന്തച്ഛനില്‍ തിലകന്‍ കാഴ്ചവെച്ച അഭിനയ തീവ്രതയെ പുച്ഛിച്ച് തള്ളി 'അഗ്നിപഥ്' എന്ന തൊട്ടിപ്പടത്തിലെമൂന്നാംകിട അഭിനയത്തിന് ബച്ചന് ആദ്യത്തെ ദേശീയ അവാര്‍ഡ് കൊടുത്തത് മറക്കാറായിട്ടില്ല.

മുറിവാല്‍: അവാര്‍ഡ് കളിയില്‍ ഇനിയും പിടികിട്ടാത്ത ഒരു കാര്യം. ഏറ്റവും മികച്ച സിനിമക്ക് അവാര്‍ഡ്കൊടുത്തിട്ടും എന്തുകൊണ്ടാണ് അതിന്റെ സംവിധായകന്‍ മികച്ച സംവിധായകന്‍ ആകാത്തത്?
മഹദ്വചനം: ഓരോ തവണയും അവാര്‍ഡ് കമ്മിറ്റിക്കാര്‍ ആലോചിക്കുന്നത് മമ്മൂട്ടിക്ക് എങ്ങനെ അവാര്‍ഡ്കൊടുക്കാതിരിക്കാം എന്നാണ് (പണ്ടൊരിക്കല്‍ മമ്മൂട്ടിതന്നെ പറഞ്ഞത്)

ഇപ്പോള്‍ പ്രണയിക്കാതിരിക്കുന്നത് എത്ര ഭാഗ്യം



ഓര്‍ക്കുമ്പോള്‍ എത്രമാത്രം ഭാഗ്യവാനായിരുന്നു ഞാനെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. അല്ലെങ്കില്‍ ഭാഗ്യം എന്ന വാക്ക്ജീവിതത്തില്‍ ഇതുവരെ തുണച്ചിട്ടില്ലാത്ത, നിര്‍ഭാഗ്യങ്ങള്‍ മാത്രം സദാ കൂട്ടുകാരനായിരുന്ന എന്നെക്കുറിച്ച്വര്‍ഷങ്ങള്‍ക്കുശേഷം എനിക്കുതന്നെ ഇങ്ങനെ മാറ്റിപ്പറയേണ്ടിവരുമായിരുന്നില്ല. ഇപ്പോഴും നിര്‍ഭാഗ്യങ്ങള്‍ വിട്ടൊഴിയാതെപിന്തുടരുമ്പോഴും 'ഭാഗ്യവാന്‍' എന്ന വിശേഷണം തന്നെ ചരിത്രനിമിഷത്തില്‍ ഞാന്‍ എന്റെ പേരില്‍പതിച്ചെടുക്കുകയാണ്.
പത്തു വര്‍ഷം മുമ്പ് കാമ്പസിന്റെ അതിരുകള്‍ക്കകത്ത് പ്രണയത്തിന്റെ കടലേറ്റത്തില്‍ സ്വയം മറന്നു മുങ്ങിയുയരുമ്പോള്‍പ്രണയത്തിന്റെ നേരേ 'ജിഹാദ്' എന്ന ചോദ്യം ചാട്ടുളിപോലെ ആരും എഴുതിവെച്ചിരുന്നില്ല. അല്ലായിരുന്നെങ്കില്‍ഞാനുമൊരു 'ലൌ ജിഹാദി'യായി ഏതെങ്കിലും മാഗസിന്റെ വൃത്തിയും വെടിപ്പുമില്ലാതത്ത താളില്‍മലര്‍ന്നുവീഴില്ലായിരുന്നുവെന്ന് ആരു കണ്ടു.....
കാരണം, അത് രണ്ടുപേര്‍ മനസ്സില്‍ ഒളിപ്പിച്ചുവെച്ച് ആരോടും പറയാതെ കൊണ്ടുനടന്ന ഒരു പ്രണയമായിരുന്നില്ല. പ്രായത്തിന്റെ ചാപല്യവുമായിരുന്നില്ല. ബിരുദവും ബിരുദാനന്തര ബിരുദവും ജേര്‍ണലിസവും കഴിഞ്ഞ് ബി.എഡ്പഠിക്കാനിറങ്ങുമ്പോള്‍ പ്രായം ചാപല്യങ്ങള്‍ തീര്‍ത്ത് കാലില്‍ കുരുങ്ങിയിരുന്നില്ല. ഇവര്‍ വിവാഹത്തിലേ അവസാനിക്കൂഎന്ന് കൂട്ടുകാര്‍ വിധിയെഴുതുമ്പോള്‍ ഞാനൊരു മുസ്ലിമാണെന്നോ അവള്‍ ഒരു ക്രിസ്ത്യാനിയാണെന്നോ ആരും ചിന്തിച്ച്പ്രായോഗികതയോര്‍ത്ത് തലപുണ്ണാക്കിയിരുന്നില്ല. അധ്യാപകരും സഹാഠികളും ആശീര്‍വാദം ചൊരിയുമ്പോള്‍ ഞാന്‍അഞ്ചുനേരം നിസ്കരിക്കുന്നവനും മുപ്പത് നോമ്പ് മുറതെറ്റാതെ എടുക്കുന്നവനുമാണെന്നും അവള്‍ ഞായറാഴ്ചകളില്‍പള്ളിയില്‍ പോകുന്നവളാണെന്നും അള്‍ത്താരയ്ക്ക് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നവളാണെന്നും അവരാരുംചിന്തിച്ചതേയില്ല.
ഞായറാഴ്ച അവളും കൂട്ടുകാരികളും കുര്‍ബാന കഴിഞ്ഞു പള്ളിയില്‍നിന്ന് പുറത്തുവരുമ്പോള്‍ 'ഇയാളെന്താ ഇവിടെകറങ്ങിനില്‍ക്കുന്നത്' എന്ന് ആരും ചോദിച്ചിരുന്നില്ല. അവളെ നേരേ മുന്നില്‍ കൊണ്ടുനിര്‍ത്തുമ്പോള്‍ ഉമ്മ പറഞ്ഞു: ''നല്ലകുട്ടി''... ഒരുപക്ഷേ, അതിനപ്പുറം ഒന്നുമറിയാനുള്ള ലോകപരിചയം ഉമ്മക്കുമുണ്ടായിരുന്നില്ല....
'ജോലി കിട്ടിയാല്‍ ഉടന്‍ കല്യാണം കഴിക്കുമോടാ?' എന്ന കൂട്ടുകാരന്റെ ചോദ്യത്തില്‍ സംശയങ്ങളല്ല താമസംവരുത്തരുതെന്ന താക്കീത് മാത്രമായിരുന്നു.
എന്നിട്ടും, എല്ലാം പറഞ്ഞുറപ്പിച്ച് കാമ്പസ് പിരിഞ്ഞു. വീര്‍പ്പുമുട്ടലും അനിശ്ചിതത്വങ്ങളും ബാക്കിയായിരുന്നു.
മഴ തെറ്റിത്തെറിച്ചു വീഴുന്ന ഒരു വെളുപ്പാന്‍കാലത്ത് ഒരിക്കലും കൂട്ടിമുട്ടാത്ത പാളത്തിലൂടെ ഒരു തീവണ്ടിപ്പാച്ചിലായിഅവള്‍ പോയി; ആള്‍ത്തിരക്കിനു മുകളിലൂടെ ആടിക്കളിക്കുന്ന ഒരു വെളുത്ത കൈയായി അവള്‍ മറഞ്ഞു.
പോകുമ്പോള്‍ അച്ഛനോട് ചോദിച്ചിട്ടുവന്ന് പറയാം എന്നു മാത്രം അവള്‍ പറഞ്ഞു. വഴിയില്‍ ഒരു ശിലാപ്രതിമപോലെഎത്രനാള്‍ കാത്തുനിന്നു?.
പിന്നീടൊരിക്കല്‍ ട്രെയിനില്‍ കടന്നുപോകുമ്പോള്‍ ആരോ വായിച്ചെറിഞ്ഞ ഒരു ഞായറാഴ്ച പത്രത്തിന്റെ താളില്‍ അവള്‍നോക്കി ചിരിച്ചു. ഒപ്പം അവളുടെ കൈപിടിച്ച് ജീവിതത്തിലേക്ക് കടന്ന അയാളുടെ ചിത്രവും.
കാമ്പസില്‍ ഞാനൊരാള്‍ മാത്രമായിരുന്നില്ല പ്രണയത്തിന് മതത്തിന്റെയും ജാതിയുടെയും മതില്‍ക്കെട്ടുകള്‍ തകര്‍ത്തത്. അതില്‍ ജീവിതത്തിലും തുടര്‍ച്ച പ്രാപിച്ചവരും ഉണ്ടായിരുന്നു. പാതിവഴിയില്‍ ഉടഞ്ഞുപോയ ഞങ്ങള്‍ പലരും.
പ്രണയത്തിന്റെ ഇടനാഴിയില്‍ ഒരിക്കല്‍ അവള്‍ ചോദിച്ചിരുന്നു 'തനിക്ക് ക്രിസ്ത്യാനിയാകാമോ?' എന്ന്. കൂട്ടുകാരിയെക്കൊണ്ട് അവള്‍ ചോദിപ്പിക്കുകയായിരുന്നു. ഇന്നായിരുന്നെങ്കില്‍ അവളെ ഏത് 'ജിഹാദി' ആയിവിശേഷിപ്പിക്കുമായിരുന്നു?.
മതവും ജാതിയും പ്രണയത്തിന്റെ മാനദണ്ഡങ്ങളല്ല എന്ന് പ്രണയിച്ചവര്‍ക്കേ അറിയു. അതിന്റെ പരകോടിയില്‍പ്രായോഗികമാക്കാന്‍ വഴിതേടുമ്പോള്‍ തടസ്സവാദങ്ങളുമായിട്ടാണ് മതവും ജാതിയും പുറപ്പെട്ടിറങ്ങുക. അപ്പോള്‍ മാത്രമേഅവനവന്റെ മതത്തെക്കുറിച്ചും ജാതിയെക്കുറിച്ചും ചിന്തിക്കുകയുള്ളു.
ഓര്‍ക്കുമ്പോള്‍ അത് ആദ്യത്തെ പ്രണയമായിരുന്നില്ല. സത്യത്തില്‍ പ്രണയം ബസ്സ് കാത്തുള്ള ഒരു നില്‍പ്പാണ്. ഒന്നുകിട്ടിയില്ലെങ്കിലോ നിര്‍ത്തിയില്ലെങ്കിലോ യാത്ര ആരും വേണ്ടെന്ന് വെക്കില്ലല്ലോ...
കഴിഞ്ഞുപോയതും കൊഴിഞ്ഞുപോയതുമായ എല്ലാ പ്രണയങ്ങളിലെയും നായികമാരുടെ ജാതിയും മതവും ഇപ്പോഴാണ്സത്യത്തില്‍ ഓര്‍ക്കാന്‍ തോന്നുന്നത്. അതും 'ലൌജിഹാദ്' എന്ന് കേട്ടപ്പോള്‍... അവരെല്ലാം എന്റെ മതത്തില്‍പെട്ടവര്‍ആയിരുന്നില്ലെന്ന് ഇപ്പോള്‍ ഒരു ഞെട്ടലോടെ ഓര്‍ക്കുന്നു.
അല്ലെങ്കില്‍, ക്രിസ്ത്യാനിയും ഹിന്ദുവുമൊക്കെയായ പെണ്‍കുട്ടികളെ പ്രണയിച്ച ഞാനും ക്രിസ്ത്യാനിയാകാമോ എന്നുചോദിച്ച അവളും തീവ്രവാദിയും 'ലൌ ജിഹാദി'യും ഒക്കെയായി അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ പേനത്തുമ്പില്‍ചോരവാര്‍ന്ന് മരിച്ചേനെ.
ക്ലാസ് കഴിഞ്ഞ് സന്ധ്യാനേരത്ത് ഹോസ്റ്റലിലേക്ക് മറ്റൊരു പ്രണയിനിക്ക് വഴിക്കൂട്ടായി ഒരു കുടയില്‍ പോയിരുന്ന അന്നത്തെ മഴക്കാലയാത്രകള്‍ ഇന്നായിരുന്നെങ്കില്‍ ഏതു പോലീസ് ലോക്കപ്പിലാവും അവസാനിക്കുക.
വല്ലാത്ത ഭയം തോന്നുന്നു.
കാരണം, ഓര്‍ക്കുട്ടില്‍ 18,103 അംഗങ്ങളുള്ള Beware of Roman Catholic fanaticism എന്ന കമ്മ്യുണിറ്റിമുന്നറിയിപ്പ് കൊടുത്തിരിക്കുന്നതു കണ്ടപ്പോള്‍ ഭയം ഇരട്ടിക്കുകയാണ്....
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ അംഗങ്ങളായ കമ്മ്യൂണിറ്റി നിലവിളിക്കുന്നത് നമ്മുടെ പെണ്‍പിള്ളേരെപ്രണയിച്ച് മതംമാറ്റാന്‍ മറ്റു മതക്കാര്‍ വരുന്നു എന്നല്ല. ക്രിസ്ത്യാനികളിലെ പ്രബല വിഭാഗങ്ങളില്‍ ഒന്നായ റോമന്‍കത്തോലിക്കര്‍ വലവീശി വിളിക്കുന്നുവെന്നാണ്.
ക്രിസ്ത്യാനിയാകാമോ? എന്ന അവളുടെ ചോദ്യത്തെ നിമിഷംവരെ ഞാന്‍ സംശയിച്ചിട്ടില്ല. വീട്ടില്‍പോയി അവള്‍പറഞ്ഞു വിജയിക്കാന്‍ കഴിയാതെ പരാജയപ്പെടുകയായിരുന്നുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം, ഇപ്പോഴുംഞാന്‍ അവളെ പ്രണയിക്കുന്നുണ്ട്. പാബ്ലോ നെരൂദ പറഞ്ഞപോലെ അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍ ഒടുവിലത്തെസഹനമായിരുന്നുവെങ്കിലും ഇപ്പോഴും ഞാനവളെ പ്രണയിക്കുന്നുണ്ട്....
ഇങ്ങനെയൊക്കെ പണ്ടായിരുന്നെങ്കില്‍ അവളെ ഞാനും ഞാന്‍ അവളെയും സംശയിച്ചുപോകുമായിരുന്നുവല്ലോഎന്നാലോചിക്കുമ്പോള്‍ ഇന്ന് ആരെയും പ്രണയിക്കാന്‍ കഴിയാത്തതില്‍ ഭാര്യയും മക്കളുമുള്ള ഞാന്‍ ചില്ലറയൊന്നുമല്ലആശ്വസിക്കുന്നത്.
ഒന്നുകൂടി പറഞ്ഞോട്ടെ....
പ്രണയം മറയാക്കി മതത്തിലേക്ക് ആളെ റിക്രൂട്ടു ചെയ്യാന്‍ വരുന്നുവെന്ന് അലറിക്കരയുന്നവര്‍ക്കും അത് വലിയ വായില്‍വാര്‍ത്തയാക്കി അന്തം വിട്ടുനില്‍ക്കുന്ന ക്ണാപ്പന്മാര്‍ക്കൊന്നും പ്രണയം എന്താണ് എന്നറിയില്ല. അല്ലെങ്കില്‍ ആരെയുംപ്രേമിക്കാന്‍ കഴിയാതെയും ആരാലും പ്രേമിക്കപ്പെടാതെ പോവുകയും ചെയ്തതിന്റെ frustration അവരെകീഴടക്കുന്നതുകൊണ്ടാണ്...
ഇവരെ ആരെങ്കിലും ഒന്ന് കേറി പ്രേമിച്ചിരുന്നെങ്കില്‍..... എന്നാശിച്ചുപോകുന്നു.
ഇനി പറയു... ഭാഗ്യവാന്‍ എന്നല്ലാതെ എന്നെ ഞാന്‍ മറ്റെന്താണ് വിശേഷിപ്പിക്കുക?

വരൂ ഈ നീള്‍പ്പരപ്പിലേക്ക്


ഇനി നേരം ഏറെയൊന്നുമില്ല. പൊട്ടുപോലെ ചില അനക്കങ്ങള്‍ മാത്രം കാണാവുന്ന അങ്ങേത്തലക്കല്‍നിന്ന് നെടുകെ പിടിച്ചു കിടക്കുന്ന നാല് ചാലുകളിലൂടെ അവര്‍ കടന്നുവരും. ഇപ്പോള്‍ പൂരപ്പുറപ്പാടിന് മുമ്പ് മസ്തകത്തില്‍ തിടമ്പെടുത്ത് ഓര്‍മകള്‍ ചവച്ച് ചെവിയാട്ടി നില്‍ക്കുന്ന ആനകളുടെ അലസമായ ഭാവം. പൊരുത്തം തികഞ്ഞ ആഞ്ഞിലി മരത്തില്‍ കടഞ്ഞെടുത്ത ദേഹവടിവില്‍ 1400 മീറ്റര്‍ അകലെനിന്ന് പാഞ്ഞടുക്കാന്‍ ആവേശത്തോടെ അവര്‍ കാത്തുകിടക്കുന്നുണ്ട്. ഇനിയൊരു കല്‍പ്പനയുടെ ദൂരം മാത്രം. അതൊന്ന് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒരു കുതിപ്പ്. ''ആര്‍പ്പോ.... ഹോയ്....ഇര്‍റോ..... ഇര്‍റോ....ഇര്‍റോ.....''വിക്ഷേപണത്തറയില്‍നിന്ന് പറന്നുകയറുന്ന റോക്കറ്റിന്റെ ഗതിവേഗം. കായലിന്റെ കറുത്തുമറിഞ്ഞ നെഞ്ചകം പിളര്‍ത്തി 16 വള്ളത്തമ്പുരാക്കന്മാര്‍ ഇരച്ചുകയറിവരും. ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പിന്റെ ഒടുവിലത്തെ നേരം. കഴിഞ്ഞതവണത്തെ തോല്‍വിയുടെ പക വീട്ടാന്‍ ഇക്കുറി കരുതിവെച്ച കരുത്തെല്ലാം പുറത്തെടുക്കുന്ന നേരം. പേശികള്‍ ഉരുണ്ടുമറിയും. ആവേശത്തള്ളിച്ചയില്‍ മാനത്തുനിന്ന് പൊട്ടിവീഴുന്ന മഴമുത്തുകള്‍ തുഴക്കാരന്റെ ദേഹത്തുതട്ടി ചിതറുന്ന കാഴ്ച വരവായി.അങ്ങകലെ ഫിനിഷിംഗ് പോയന്റില്‍ കണ്ണാടിക്കൂട്ടില്‍ വെള്ളിയില്‍ തീര്‍ത്തുവെച്ച കപ്പില്‍ നീട്ടിത്തൊടുന്നതാരായിരിക്കും ഇക്കുറി?അപ്പുറവും ഇപ്പുറവും കാത്തുകെട്ടി കിടക്കുന്ന ആണും പെണ്ണും കാലപ്രായ വ്യത്യാസമില്ലാതെ ആവേശത്തിന്റെ തിരപ്പാച്ചിലിലാണ്. ഓളങ്ങള്‍ ഇപ്പോള്‍ മനസ്സിനകത്ത്. തുഴ പായുന്നത് നെഞ്ചകത്ത്. ഹൃദയമിടിപ്പിന്റെ വേഗത്തിന് വഞ്ചിപ്പാട്ടിന്റെ താളം. ഉഛ്വാസത്തിന് രാമപുരത്ത് വാര്യരുടെ ഈണം.എത്രയെത്ര തുഴയേറുല്‍സവങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഇനിയെത്രയെണ്ണം വരാനിരിക്കുന്നു. കുട്ടനാട്ടുകാരന്റെ തുഴപ്പാടുകള്‍ ഇപ്പോള്‍ ലോകഭൂപടത്തില്‍ കറങ്ങിത്തിരിയുന്ന ആവേശച്ചുഴിയായി... ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചക്കായി കാത്തിരിക്കുന്നത് അമ്പലപ്പുഴയും ആലപ്പുഴയും കൈനകരിയും മിത്രക്കരിയും രാമങ്കരിയും കവാലവും പുളിങ്കുന്നും തായങ്കരിയും മാമ്പുഴക്കരിയും മാത്രമല്ല; ഇപ്പോള്‍ ലോകം മുഴുവനുമല്ലേ...കരയില്‍ കെട്ടിപ്പൊക്കിയ പവിലിയനില്‍ വി.ഐ.പികളും അല്ലാത്തവരും തിങ്ങിനിറഞ്ഞിരിപ്പുണ്ട്. മല്‍സരം തുടങ്ങാത്തതിന്റെ അസ്വാസ്ഥ്യങ്ങളില്‍ അവര്‍ വീര്‍പ്പുമുട്ടുമ്പോള്‍... മാനം പൊട്ടി മഴ വീഴുമോ എന്ന ആശങ്കയില്‍ മേഘങ്ങള്‍ മനസ്സിലേക്കും കൂടുകെട്ടുമ്പോള്‍.. മല്‍സരം വൈകണേയെന്ന് പ്രാര്‍ഥിക്കുന്ന ഒരു കൂട്ടരുണ്ട്...അതികാലത്ത്മുതല്‍ ചെറു വള്ളങ്ങളിലും ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലും പാട്ടും മേളവുമായി ഒഴുകിയെത്തിയവര്‍. അവര്‍ ഇവിടെ ഒഴുകി നടക്കുന്നു. മല്‍സരങ്ങള്‍ എത്രയും വൈകിയെങ്കിലെന്നാവും അവരുടെ ഉള്ളിലെ ആഹ്ലാദം. അത്രയും നേരം ചുറ്റിയടിക്കാമല്ലോ...ഇടക്ക് കരയോട് ചേര്‍ത്ത് വള്ളം മുക്കി... വീണ്ടും പൊക്കി... പിന്നെയും മുക്കി... അങ്ങനെ എത്രയെത്ര മുക്കിയാലും മതിവരാതെ....ട്രാക്കൊഴിയാനുള്ള നിര്‍ദേശങ്ങളെ കേട്ടപാതി നടിക്കാതെ... പോലിസിന്റെ മുള വീശലിനും വിരട്ടലിനും പോലും വഴങ്ങാതെ... പുറത്തും ഉള്ളിലും വീര്യവുമായി...നാട്ടുവഴികളും രാജപാതകളും തുഴച്ചാലുകളുമെല്ലാം കാലുകള്‍ നീട്ടിവെച്ചത് ഈയൊരു വഴിയിലേക്ക്... പവിലിയനിലേക്ക് കടക്കാനാവാതെ പാഴായി പോയ വിലയേറിയ പാസുകളുമായി ഇപ്പോള്‍ പുറത്ത് പോലിസിനോടും സംഘാടകരോടും കയര്‍ക്കുകയാവും നൂറുകണക്കിനുപേര്‍....പണ്ട്....കായലിന്റെ ആത്മാവില്‍ മല്‍സരം മുറുകിത്തകര്‍ക്കുമ്പോള്‍ ആവേശത്തിന്റെ ഓളത്തള്ളലുകള്‍ എത്രയോ കാതം അകലെയിരുന്നവര്‍ പോലും നേരില്‍ കാണാതെ ആസ്വദിച്ചിരുന്നു. ആകാശവാണിയിലെ ദൃക്സാക്ഷി വിവരണങ്ങളിലൂടെ ലൂക്കും ഗ്രിഗറിയുമെല്ലാം സ്റ്റാര്‍ട്ടിംഗ് പോയന്റില്‍നിന്ന് ഫിനിഷിംഗ് പോയന്റിലേക്ക് മൈക്കുകള്‍ കൈമാറി നല്‍കിയ അത്യുഗ്രന്‍ വിവരണങ്ങളിലൂടെ കാണാതെയും കളി 'കാണാം' എന്ന് പഠിപ്പിച്ചുതന്നു. പിന്നെയും കാലം എത്ര കഴിഞ്ഞാണ് ചാനലുകാര്‍ കുട്ടനാട്ടുകാരന്റെ ആവേശം നേരിട്ടു പകര്‍ത്താനെത്തിയത്. ദൂരത്തുനിന്ന് സൂം ചെയ്തെടുത്ത കാമറക്കണ്ണുകള്‍ക്ക് തുഴക്കാരന്റെ വീറോ വാശിയോ ഏറ്റുവാങ്ങാനുള്ള ശേഷിയില്ലായിരുന്നു. റേഡിയോ പുരാണങ്ങളുടെ പാതിപോലുമെത്താതെ നനഞ്ഞ പടക്കങ്ങളായി മാറി ആ പകര്‍ത്തുകാഴ്ചകള്‍. അതുകണ്ട് 'ഹേ... ഇതാണോ വള്ളംകളി?'' എന്ന് ചോദിച്ചവരുണ്ട്. കാരിച്ചാലും കല്ലൂപ്പറമ്പനും ജവഹര്‍ തായങ്കരിയും വെള്ളംകുളങ്ങരയും നടുഭാഗവുമൊക്കെ ചേര്‍ന്ന് സിരകളില്‍ തീയേറ്റുന്ന വരവുകള്‍ തീര്‍ക്കുന്നത് നേരിട്ടു കാണുമ്പോള്‍ അവര്‍ക്കത് തിരുത്തിപ്പറയേണ്ടിവരും. അല്ലാതെ ക്രിക്കറ്റ്പോലെ ചതുരപ്പെട്ടിയില്‍ കാണേണ്ട കളിയല്ലല്ലോ ഇത്. എത്രയെത്ര ക്രിക്കറ്റ് കളിക്കളങ്ങള്‍ക്കും അപ്പുറത്താണ് കായലിന്റെ പരപ്പും ആഴവും. ജീവിതവും ജീവനവുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഈ മല്‍സരത്തിന്റെ പൊരുള്‍ അറിയാത്തവരേ വരൂ കടലൊക്കുന്ന ഈ കായലിന്റെ നീള്‍പ്പരപ്പിലേക്ക്...ചുണ്ടന്മാര്‍ മാത്രമല്ല... വെപ്പും ഇരുട്ടുകുത്തിയും ചുരുളനും തെക്കന്‍ ഓടിയുമെല്ലാം ഊഴം കാത്തുനില്‍പ്പുണ്ട്...അതാ.... ഒച്ച മുഴങ്ങി...ആര്‍പ്പുവിളി പൊങ്ങി....ആവേശത്തിന്റെ മത്താപ്പിന് തീപിടിച്ചു തുടങ്ങി....ആരുകൊണ്ടുപോകും ഈ ആവേശത്തിന്റെ വെള്ളിത്തിളക്കത്തെകാരിച്ചാല്‍, ശ്രീഗണേശ്, പായിപ്പാട്, ചമ്പക്കുളം, ചെറുതന, കല്ലൂപ്പറമ്പന്‍....?ആരാവും ആ ജേതാവ്ഉത്തരം ഇപ്പോള്‍ കിട്ടും... അല്‍പ്പം കൂടി

ശിവന്‍കുട്ടിയുടെ ഭ്രമലോകങ്ങള്‍


ജീവിതം ഒരിക്കലും വിജയങ്ങളുടെ മാത്രം കണക്കെടുപ്പല്ലെന്ന് പറഞ്ഞുതന്ന് ഒരു സിനിമക്കാരന്‍ജീവിതമിറങ്ങിപ്പോയതേയുള്ളൂ. അങ്ങനെ ലോഹിതദാസ് നിര്‍മിച്ചുതന്ന പരാജയപ്പെട്ട കഥാപാത്രങ്ങള്‍ മനസ്സിലെഉണങ്ങാത്ത മുറിപ്പാടായി ഇപ്പോഴും കുത്തിനോവിക്കുന്നുണ്ട്. അതിമാനുഷരല്ലാത്ത, പരാജയപ്പെട്ടുപോയകഥാപാത്രങ്ങള്‍ക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട്. ജീവിതത്തിലെ ഓരോ വേദനകളിലും അവരുടെ ഓര്‍മകള്‍ വന്ന്നമ്മെ മൂടിക്കളയും. എന്നാല്‍, അതിമാനുഷരായ കഥാപാത്രങ്ങളുടെ ഹാംഗ് ഓവറില്‍നിന്ന് മലയാള സിനിമ ഇനിയുംരക്ഷപ്പെട്ടിട്ടില്ല. അവര്‍ പാട്ടുപാടും; അതും ക്ലാസിക്കല്‍ സംഗീതം. നൃത്തം ചെയ്യും; അതിനാവാത്തവര്‍കൂടി അതാകും എന്ന്നടിക്കും. ആകാശത്തുകൂടി പറന്നുനടന്ന് കണ്ട വില്ലന്മാരെയൊക്കെ ഇടിച്ചു പത്തിരിയാക്കും. അവസാനം ഒരു ഗ്രൂപ്പ്ഫോട്ടോയുമെടുത്ത് പിരിയും. ചട്ടപ്പടി കലാപരിപാടികളുമായി അങ്ങനെ പറന്നു നടക്കുന്നതിനിടയില്‍ താഴെമനുഷ്യരുണ്ടെന്നും സൌകര്യങ്ങളും സാങ്കേതികവിദ്യയുമെല്ലാം പുരോഗമിച്ച കാലത്തും അവരുടെ ജീവിതം അത്യന്തംസങ്കീര്‍ണവും നിഗൂഢതകള്‍ നിറഞ്ഞതുമായി മാറിക്കൊണ്ടിരിക്കുന്നുവെന്നുമുള്ള റിയാലിറ്റി മലയാളസിനിമക്കാര്‍ മറന്നിട്ട്കാലമേറെയായി. കാലത്തിന്റെ വൈരുദ്ധ്യങ്ങളുടെയും സങ്കീര്‍ണതകളുടെയും കഥ പറയാനുള്ളകാലബോധമില്ലായ്കയില്‍ എവിടെയും നടക്കാനിടയില്ലാത്ത കഥകള്‍ നായകന്മാരുടെ ഡേറ്റിനനുസരിച്ച് പടച്ചുണ്ടാക്കുന്നസിനിമക്കാരുടെ തള്ളിക്കയറ്റമാണിപ്പോള്‍. സമതലങ്ങളുടെ നിരപ്പായ കഥ പറയുമ്പോഴും മലമടക്കുകളും അതിന്റെവന്യതയും സിനിമയുടെ കാന്‍വാസുകളില്‍ അപൂര്‍വ കാഴ്ചയായിരുന്നു. ഒരു മലകയറ്റംപോലെ രണ്ടേകാല്‍ മണിക്കൂര്‍ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണുന്ന അനുഭവം പകരുന്നുണ്ട് ബ്ലെസിയുടെ 'ഭ്രമരം'. തിയേറ്റര്‍ പരിസരത്തുകൂടിഅബദ്ധത്തില്‍പോലും നടക്കാതെ മലയാളി പ്രേക്ഷകന്‍ പേടിച്ചൊതുങ്ങിക്കൂടി കഴിയുന്ന കാലമാണിത്. അതിന് ചിലകാരണങ്ങളുമുണ്ട്. അതിലൊന്ന്, മുണ്ട് മടക്കിക്കുത്തി മീശ വിറപ്പിച്ച് കാമറക്ക് വഴിമുടക്കിനിന്ന് പ്രേക്ഷകന്റെ നെഞ്ചിന്നേരെ പാഞ്ഞടുക്കുന്ന നായക വേഷധാരികളാണ്. പിന്നൊന്ന് ആളും തരവും സമയവും കാലവുമൊന്നും നോക്കാതെകോമഡി' എന്ന പേരില്‍ പെരുമകേട്ട നടന്മാര്‍തന്നെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍. ഇങ്ങനെ എണ്ണിപ്പറയാവുന്ന വേറെകുറേ വികൃതികളും കൂടിച്ചേര്‍ന്ന് മലയാള സിനിമാ വ്യവസായത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒറ്റസിനിമയും ഗതിപിടിക്കാതെ പോകുന്നത്. ആര്‍ത്തട്ടഹസിക്കുന്ന നായകവേഷങ്ങള്‍ ആയിരത്തൊന്നാവര്‍ത്തിച്ചതിന്റെമനംപിരട്ടലിനിടയില്‍ ഒത്തിരി കാലത്തിനുശേഷം പൊട്ടിക്കരയുന്ന നായകനെ അവതരിപ്പിക്കുന്നുണ്ട് സിനിമ. എല്ലായിടത്തും വിജയിക്കുന്നവര്‍ സിനിമയില്‍ മാത്രമേ ഉണ്ടാകു. അതിനപ്പുറത്തേക്ക് കടക്കുമ്പോള്‍ അത് ജീവിതമാകും. ജീവിതം പറയാനുള്ള ശേഷിയും ഭാവുകത്വമില്ലായ്മയുമാണ് സിനിമ കുറച്ചുകാലമായി നേരിട്ടുകൊണ്ടിരിക്കുന്നവെല്ലുവിളി. തൊഴിലില്ലായ്മ രൂക്ഷമായ ഒരു സാമൂഹിക പ്രതിസന്ധിയായ കാലത്ത് അത് കേന്ദ്രമാക്കി നിരവധി ചിത്രങ്ങള്‍മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എണ്‍പതുകളുടെ അവസാനമിറങ്ങിയ 'നാടോടിക്കാറ്റും', 'റാജി റാവു സ്പീക്കിംഗും' പോലെ കോമഡി ട്രാക്കില്‍ സഞ്ചരിച്ച ചിത്രങ്ങള്‍ പോലും തൊഴിലില്ലായ്മയുടെ പ്രതിസന്ധികളെകാഴ്ചപ്പെടുത്തുകയായിരുന്നു. അതില്‍ പലതും ഹാസ്യത്തിനുമപ്പുറം മനസ്സില്‍ തീപ്പൊള്ളലുകള്‍ വീഴ്ത്തുന്നതുമായിരുന്നു. ഇതിപ്പോള്‍ കാലം ആഘോളീകരണത്തിന്റെതാണ്. സിനിമക്കാര്‍ക്കിടയില്‍ ഇനിയും ചര്‍ച്ചയായിട്ടില്ലാത്ത വിഷയം. അതിനൊരു മൂല്യവ്യവസ്ഥയും ഒരു പ്രത്യയശാസ്ത്രവുമുണ്ട് എന്നുകൂടി അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. ജീവിതത്തിന്റെഒട്ടുമുക്കാല്‍ കോണുകളിലും പാര്‍പ്പുറപ്പിച്ച ആഗോളീകരണത്തെയും അതിന്റെ മൂല്യവ്യവസ്ഥയെയും രണ്ടുവിധത്തിലേകൈകാര്യം ചെയ്യാന്‍ കഴിയൂ. ഒന്നുകില്‍ അതിന്റെ മുന്നില്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് എല്ലാറ്റിനെയും അകത്തേക്ക്കൈകൊടുത്ത് കുടിയിരുത്തുക. അല്ലെങ്കില്‍ അതിനെ ആവുംമട്ട് പ്രതിരോധിച്ച് നില്‍ക്കുക.ഇതില്‍ ഏത്സ്വീകരിക്കണമെന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എല്ലാ ജീവിതങ്ങള്‍ക്കും ആശങ്കയുണ്ട്. അവ്യക്തതയുണ്ട്. അതുകൊണ്ടാണ് അവരുടെ ഇക്കാലത്തെ എല്ലാ നിലപാടുകളും കോളജ് ഹോസ്റ്റിലിലെ കാന്റീന്‍ ചോറുപോലെപാതിവെന്ത കണക്കെ ആയിത്തീരുന്നത്. ബാക്കി വയറ്റില്‍ കിടന്നു വെന്തോളും എന്ന മട്ടില്‍ എല്ലാ ചര്‍ച്ചകളെയുംനേരിടുന്നത്. ആഗോളീകരണം ഉലക്കയാണോ പിണ്ണാക്കാണോ എന്ന് ഇനിയും തരംതിരിഞ്ഞുവന്നിട്ടില്ലെന്നുവേണംകരുതാന്‍. അതുകൊണ്ട് ഇത് നല്ലതാണെന്നും നാശമാണെന്നും ബാലാബലത്തില്‍ സംവാദങ്ങള്‍ കേള്‍ക്കാം. രണ്ടില്‍ ഒന്ന്തെരഞ്ഞെടുക്കണം എന്ന സന്ദിഗ്ധാവസ്ഥയില്‍നിന്ന് മുക്തമായ ഒരു വര്‍ഗം സത്യത്തില്‍ സിനിമക്കാര്‍ മാത്രമാണ്. അവര്‍ക്ക് മൂന്നാമതൊരു മാര്‍ഗം കൂടി സ്വീകരിക്കാം എന്നതാണ് അതിന്റെ പ്രത്യേകത.ആഗോളീകരണത്തിന്റെ മുഴുശീലങ്ങളും നെഞ്ചോട് ചേര്‍ത്തുവെച്ച് അവര്‍ക്ക് വേണമെങ്കില്‍ സിനിമയെടുക്കാം. കമല്‍ സംവിധാനം ചെയ്തിറക്കിയനിറം', 'സ്വപ്നക്കൂട്', 'മിന്നാമിന്നിക്കൂട്ടം' തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരത്തില്‍ ആയിത്തീരാനുള്ള ചില ശ്രമങ്ങള്‍ ആയിരുന്നു. അവ പോസ്റ്റ് ഗ്ലോബലൈസ്ഡ് ലോകത്തിന്റെ ശീലങ്ങളെ തൊലിപ്പുറമേ സ്വീകരിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍അതിനെതിരെ എവിടെയൊക്കെയോ വിഘടിച്ചു നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും നിറഞ്ഞ സിനിമയായിരുന്നു. അതസമയം ഹിന്ദി സിനിമകള്‍ മൂല്യവ്യവസ്ഥയും അത് നിര്‍മിക്കുന്ന പ്രത്യയശാസ്ത്രവും അങ്ങേയറ്റംമഹത്തരമാണെന്ന് ആണയിട്ടുപറയുന്ന ചിത്രങ്ങളുടെ ദീര്‍ഘപരമ്പരകളിലൂടെ സിനിമാ വ്യവസായത്തെപുനര്‍നിര്‍ണയിച്ചുകൊണ്ടിരിക്കുന്നു.എന്നാല്‍ ആഗോളീകരണ മൂല്യവ്യവസ്ഥയെ ആവുന്നിടത്തോളം ചെറുക്കാനുള്ളബോധപൂര്‍വമായ ശ്രമങ്ങള്‍ മലയാളത്തില്‍ ഉണ്ടായതിന് കൃത്യമായ തെളിവുകള്‍ എടുത്തുകാണിക്കാനില്ല. അത് കൂടുതലുംഉണ്ടായത് തമിഴിലെ പുതുതലമുറ സംവിധായകരിലായിരുന്നു. ആവിഷ്കാരത്തിലും പാത്രസൃഷ്ടികളിലുംകഥാഘടനയിലുമെല്ലാം വേറിട്ടുനിന്നുകൊണ്ട് അവരതില്‍ വിജയിക്കുകയും ചെയ്തു. സ്വന്തം സംസ്കൃതിയുടെവേരുപടലങ്ങളിലേക്കിറങ്ങിനിന്നുകൊണ്ട് സിനിമയുടെ വ്യാകരണത്തില്‍തന്നെ പുത്തന്‍ ഇടപെടലുകള്‍രേഖപ്പെടുത്തുകയായിരുന്നു അവര്‍ ചെയ്തത്. അതുവഴി താരം എന്ന പ്രതിഭാസത്തെ നിരാകരിക്കുവാനും അവര്‍ക്ക്കഴിഞ്ഞിട്ടുണ്ട്. മൂല്യവ്യവസ്ഥയുടെയും അത് സൃഷ്ടിക്കുന്ന സാമൂഹിക സങ്കീര്‍ണതയുടെയുംപ്രതിരോധമാകേണ്ടിയിരുന്ന സമാന്തരസിനിമകള്‍ മലയാളത്തില്‍ ചെയ്തത് തൊണ്ണൂറിലെവെള്ളപ്പൊക്കത്തിന്റെവായാടിത്തങ്ങളിലൂടെയും നിലത്തിരുന്ന് ഉണ്ണുന്നവരുടെയും ഇടിഞ്ഞുപൊളിഞ്ഞ ഇല്ലങ്ങളുടെമണ്ണിലാഴ്ന്ന തൂണുകളുടെ ഇടയിലൂടെയും മന്ദതാളത്തില്‍ കാമറ ചലിപ്പിക്കുകയായിരുന്നു. അതാണ് ഉദാത്തമെന്ന് ഇന്നുംആചാരംപോലെ വിശ്വസിച്ചുപോരുന്നവര്‍ അവാര്‍ഡുമുദ്രകള്‍ അത്തരം സിനിമകള്‍ക്ക് പതിച്ചുനല്‍കുകയും ചെയ്തു. അതിലൊന്നും, നിന്നുതിരിയാന്‍ നേരമില്ലാതെ അസ്വസ്ഥപ്പെടുന്ന സമകാലിക മലായളി ലോകത്തിന്റെനെടുവീര്‍പ്പുകളില്ലായിരുന്നു. ലോകത്തിന്റെ പിന്നാമ്പുറത്ത് അലഞ്ഞുതിരിയുന്ന മനുഷ്യരുടെ അമ്പരപ്പുകളുംനിഷ്കളങ്കതയും ഇല്ലായിരുന്നു. ഇവര്‍ രാഷ്ട്രീയ ബോധത്തോടെയാണ് സിനിമയെടുക്കുന്നത് എന്ന് ഇത്രയുംകാലംവിശ്വസിച്ചിരുന്നവരാകട്ടെ നാടകസമാനമായ ചിത്രങ്ങളിലൂടെ പ്രസംഗിപ്പിച്ചു കൊല്ലുകയാണ്. കേരളത്തിന്റെ ഏറ്റവുംവലിയ പ്രതിസന്ധി മതതീവ്രവാദവും അതൊരു പ്രത്യേക മതവുമായി മാത്രം ബന്ധപ്പെട്ടതുമാണെന്ന്പറഞ്ഞുവരുത്തുവാനുമാണ് അവരിപ്പോള്‍ ശ്രമിക്കുന്നത്. പ്രതിരോധത്തിന്റെ രാഷ്ട്രീയം ചലച്ചിത്ര മാധ്യമത്തില്‍പ്രതിബദ്ധതയോടെ പ്രവര്‍ത്തിപ്പിച്ച ടി.വി ചന്ദ്രന്റെ 'ഭൂമിമലയാളത്തിലെ' പ്രണയവും നാടക മുഹൂര്‍ത്തങ്ങളുംവിലാപങ്ങള്‍ക്കപ്പുറത്തെ' തീവ്രവാദ പരിസരവും പരിശോധിച്ചാല്‍ മാത്രംമതി ഇതിനുദാഹരണം കിട്ടാന്‍. പ്രതിസന്ധിപര്‍വത്തില്‍ ഒരു മൂന്നാമിടമുണ്ട് എന്ന തിരിച്ചറിവുപോലും ഇല്ലാത്ത സിനിമകളുടെ കുത്തൊഴുക്കാണ് സമകാലിക മലയാളസിനിമയുടെ ഏറ്റവും വലിയ മനംപിരട്ടല്‍. ആഗോളീകരണവും അതിന്റെ സാങ്കേതികവിദ്യയും വ്യവസ്ഥയും ചേര്‍ന്നുസൃഷ്ടിക്കുന്ന ലോകം പഴയ പാരഡൈമായ കറുപ്പും വെളുപ്പും എന്ന ഇരട്ട കാഴ്ചയില്‍നിന്ന് വ്യത്യസ്തമാണ്. ഇരുട്ടിനും വെളിച്ചത്തിനുമിടയില്‍ ഒരുപാട് മറ്റിടങ്ങളുണ്ട് എന്ന് ബോധിപ്പിക്കുന്ന കാലത്തിന്റെ ആകുലതകള്‍പിടികൂടിയ ചെറുപ്പക്കാര്‍ നമ്മുടെ സിനിമക്ക് അന്യമാണ്. ഇവിടെ ചെറുപ്പം അഭിനയിക്കാന്‍ ചെറുപ്പക്കാരില്ലാത്ത ഒരുകാലം കൂടിയാണല്ലോ. സിനിമയുടെ തലതൊട്ടപ്പന്മാരായി വിരാജിക്കുന്നവര്‍ക്ക് ഒന്നുകില്‍ യുവതലമുറയെ തെല്ലുംപിടികിട്ടുന്നില്ല. അല്ലെങ്കില്‍ അവര്‍ ബോധപൂര്‍വം ഇവിടുത്തെ ജ്ഞാനവൃദ്ധന്മാരുടെ ക്യൂവില്‍ സീനിയര്‍ സിറ്റിസണ്‍പാസിന് അപേക്ഷയുമായി കാത്തുനില്‍ക്കുന്നു.ആഗോളീകരണമൂല്യം സിനിമയില്‍ സൃഷ്ടിക്കുന്ന മൂന്നാമിടം എങ്ങനെസമര്‍ഥമായി കൈകാര്യം ചെയ്യാം എന്ന് വൃത്തിയിലും വെടിപ്പിലും കാണിച്ചുതരുന്നുണ്ട് ബ്ലെസിയുടെ 'ഭ്രമരം'. മുണ്ടുമുറുക്കി തെറിപറഞ്ഞുറയുന്ന നായകന്മാരുടെ ഹാംഗ് ഓവറുള്ള വെറുമൊരു മോഹന്‍ലാല്‍ ചിത്രമെന്നവിശേഷണമല്ല സിനിമക്കുള്ളത്. ഒരു കഥ അസാധാരണമായ മുറുക്കത്തോടെയും ഒതുക്കത്തോടെയുംപറഞ്ഞുപോകുമ്പോഴും ഒരു സീനില്‍നിന്നും പ്രേക്ഷകനെ ഇറങ്ങിപ്പോകാന്‍ അനുവദിക്കുന്നില്ല എന്നതുമാത്രമല്ല ചിത്രത്തിന്റെ പ്രത്യേകത. അതില്‍ അനുദിനം വികസിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെവേഗത്തിനൊപ്പമെത്താന്‍ കഴിയാതെ അമ്പരന്നു പോകുന്ന കുറച്ചു മനുഷ്യരുടെ ഉള്‍പ്പുകച്ചിലുകളുണ്ട്.അതിശക്തമായ ഒരുകഥയുടെ ഉള്‍ഘനത്തിലൊന്നുമല്ല ചിത്രം കെട്ടിപ്പടുത്തിരിക്കുന്നത്. പോരായ്മകളുടെ ഒത്തിരി പ്രദേശങ്ങള്‍ അങ്ങനെബാക്കി കിടക്കുന്നുമുണ്ട്. പക്ഷേ, നേരത്തേ പറഞ്ഞ അത്യന്താധുനികവത്കരിക്കപ്പെട്ട ലോകത്തിന്റെ ശീലങ്ങളോട്ചേര്‍ന്നു പോകാന്‍ കഴിയാത്ത ചിലരുടെ വേദനകളായി തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും അത് ചിലതെല്ലാംബാക്കിവെക്കുന്നു.രണ്ട് ലോകങ്ങളില്‍ പാര്‍പ്പുറപ്പിച്ച മനുഷ്യരുടെ ഇടയില്‍നിന്നാണ് ബ്ലെസി കഥ പറയുന്നത്. സമയവേഗത്തിനൊപ്പം പായുന്ന, ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളും മൊബൈല്‍ ഫോണിന്റെ ചാര്‍ജ് പോകലുംപരിധിക്ക് പുറത്താകലും ട്രെയിനിന്റെ സമയവുമെല്ലാം അസ്വസ്ഥപ്പെടുത്തുന്ന ഒരു കൂട്ടര്‍. സമയമാണ് അവര്‍ക്കെല്ലാം. ഒരുനിമിഷം പാഴായിപ്പോയാല്‍, ഒരു കാള്‍ മിസ് ആയിപ്പോയാല്‍ അതിന്റെ പേരില്‍ നഷ്ടത്തിന്റെ കണക്ക് പറയേണ്ടിവരുംഅവര്‍ക്ക്. അല്‍പ്പം മുമ്പ് നടന്ന കാര്യംപോലും ഓര്‍മയില്‍ സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയാറില്ല. കാരണം അതിന്റെആവശ്യം അവര്‍ക്കില്ല. പേരും നാളും മുഖവുമെല്ലാം യന്ത്രങ്ങളുടെ ഓര്‍മച്ചുറ്റില്‍ ഭദ്രമായിരിക്കുമെന്ന്വിശ്വസിക്കുന്നവരുടെ പുതുതലമുറയെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം പ്രതിനിധീകരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കൂടെഒരേ ക്ലാസില്‍ പഠിച്ച കൂട്ടുകാരന്‍ മറ്റൊരു പേരില്‍ മുന്നില്‍ നില്‍ക്കുമ്പോഴും അയാള്‍ക്ക് തിരിച്ചറിയാനാവുന്നില്ല. ഒന്നുംഓര്‍ത്തുവെക്കാനോ ഓര്‍ത്തോര്‍ത്തിരിക്കാനോ കഴിയാത്തവിധം അയാളുടെ ദിവസങ്ങളെ സംഭവങ്ങളുടെ കുത്തൊഴുക്ക്നിയന്ത്രിക്കുന്നുണ്ട്. മകളുടെയും ഭാര്യയുടെയും ആവശ്യങ്ങള്‍പോലും ഓര്‍ത്തുവെച്ച് നിവര്‍ത്തിക്കാന്‍ അയാള്‍ക്ക്കഴിയുന്നില്ല. .ടി രംഗത്തും ഓഹരി രംഗത്തും ജോലിചെയ്യുന്ന യുവനിരയുടെ പിരിമുറുക്കവും അവരുടെജീവിതശൈലിയും മൂല്യവ്യവസ്ഥയും നിര്‍മിക്കുന്ന ആശങ്കകളും ഇന്ന് ആരോഗ്യ മാസികകളുടെ പതിവ് ചര്‍ച്ചയായിമാറിയിട്ടുണ്ട്്. അത് നാളത്തെ പൊതു ചര്‍ച്ചയായി വികസിക്കാനിരിക്കുന്നേയുള്ളു. ഇവരുടെ ലോകം നാളെസാംസ്കാരിക ലോകത്തിന്റെ മുഖ്യ വിഷയങ്ങളില്‍ ഒന്നായി മാറുമെന്നുറപ്പാണ്.അതേസമയം വികസനത്തിന്റെനെരിപ്പാച്ചില്‍ പാഞ്ഞുചെല്ലാത്ത മറ്റൊരു ലോകവും ഇവിടെയുണ്ട്. മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്ത, മര്യാദക്ക്സഞ്ചരിക്കാന്‍ റോഡുപോലുമില്ലാത്ത മറ്റൊരു ലോകം. അവിടെനിന്നാണ് നായകനായ ശിവന്‍ കുട്ടിയെ ബ്ലസികോയമ്പത്തൂര്‍ നഗരത്തിന്റെ തിരക്കിലേക്ക് കൂടുതുറന്നുവിടുന്നത്. ജീവിതത്തിലെ നിമിഷങ്ങള്‍ അപഹരിക്കുന്നസാങ്കേതികവിദ്യയുടെ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അയാളുടെ ജീവിതത്തില്‍ ഇപ്പോഴും ഭൂതകാലം വിട്ടുപിരിയാതെനില്‍പ്പുണ്ട്. പള്ളിക്കൂടക്കാലത്ത് ചെയ്യാത്ത തെറ്റിന് ഏറ്റുവാങ്ങേണ്ടി വന്ന ജയില്‍ ശിക്ഷയും തലയില്‍ പതിഞ്ഞ കുറ്റവാളിഎന്ന ലേബലും അയാളുടെ ലോകത്തില്‍ മാത്രമേ ഇപ്പോഴും ആദ്യദിവസംപോലെ മായാതെ നില്‍ക്കുന്നുള്ളു. തെറ്റിലെമുഖ്യ പ്രതികളായ അയാളുടെ കൂട്ടുകാര്‍ അതെന്നേ മറന്നു കഴിഞ്ഞു. അവര്‍ അന്ന് പഠിച്ച പാട്ടിന്റെ വരികള്‍ പോലുംഅയാള്‍ക്ക് മറന്നുപോകുന്നില്ല. ആരുടെയും നമ്പരുകള്‍ അയാള്‍ എഴുതി സൂക്ഷിക്കുന്നില്ല. എവിടെയും അയാള്‍ അത് സേവ്ചെയ്ത് വെക്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും മാഞ്ഞു പോകാവുന്ന കൈവെള്ളയിലെ വെറും എഴുത്തില്‍ അയാള്‍നമ്പറുകള്‍ സേവ് ചെയ്ത് വെക്കുന്നു. അത് മായുന്നതിന് മുമ്പ് ഹൃദിസ്ഥമാകുമെന്ന ഉറപ്പ് അയാള്‍ക്കുണ്ട്. അത്ശിവന്‍കുട്ടിയുടെ ഒരു ശീലം പോലുമാണ്. ഭൂതകാലം അയാളെ ഓരോ ഉറക്കിലും അയാളെ പിന്തുടരുന്നുണ്ട്. അത് ഒരുഉന്മാദത്തിന്റെ നിലയിലേക്കുവരെ എത്തിക്കുന്നു. കാലില്‍ ചുറ്റിയ പാമ്പുപോലെ ചുഴറ്റിയെറിഞ്ഞിട്ടും പോകാതെനില്‍ക്കുന്ന ഓര്‍മകള്‍ ഇല്ലാതിരിക്കുന്നത് ലോകത്തിന്റെ വേഗഭാഷയോടിണങ്ങി ജീവിക്കാന്‍ എത്രമാത്രംആവശ്യമാണെന്നും ഓര്‍മകള്‍ എത്രമാത്രം അനാവശ്യമാണെന്നും ശിവന്‍കുട്ടിയെന്ന കഥാപാത്രത്തിലൂടെ ബ്ലസിമുതിരുന്നുണ്ട്. ഇക്കാലത്തിന്റെ ഗണിതവും വ്യാകരണവും മനസ്സിലായിത്തുടങ്ങിയ ഒരു കഥാകാരനെയുംസംവിധായകനെയും ബ്ലസി സ്വയം സൂചിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭൂതകാലത്തിലെ തെറ്റുതിരുത്തിപ്പറയിക്കാനായികൂട്ടുകാരുമായി പോകുന്ന ശിവന്‍കുട്ടിയുടെ യാത്രയില്‍ റോഡും സഞ്ചരിക്കുന്ന വാഹനങ്ങളും കഥാപാത്രങ്ങളായിമാറുന്നുണ്ട്. അചേതനങ്ങളെ കഥാപാത്രങ്ങളാക്കുന്നതിന്റെ രസക്കൂട്ട് സമര്‍ഥമായി ബ്ലസി കാഴ്ചവെക്കുന്നു. അതിവേഗപാത വേണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. രൌദ്ര സൌന്ദര്യം മഞ്ഞുമൂടിക്കിടക്കുന്ന, ഉരുള്‍പൊട്ടുമ്പോള്‍ മാത്രം വാര്‍ത്തകളില്‍ നിറയുന്ന ഹൈറേഞ്ചിന്റെ കിഴുക്കാം തൂക്കായ കാട്ടുപാതകളില്‍ അതിവേഗകാറുകളും ഹൈടെക് വാഹനങ്ങളുമൊന്നും ഫലപ്രദമല്ല. അവിടുത്തെ പരുക്കന്‍ ജീവിതങ്ങള്‍ പോലെ അവരുടെവാഹനവും പരുക്കനായ ജീപ്പാണ്. ഒരു വില്ലന്റെ ഭാവത്തോടെ കടന്നുവരുന്ന കഥാപാത്രത്തിന്റെ രൂപത്തില്‍ ജീപ്പ്രൂക്ഷമായി പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്നുമുണ്ട്.കോയമ്പത്തൂരില്‍നിന്ന് ശിവന്‍കുട്ടിയുടെ നാട്ടിലേക്കുള്ള യാത്രയില്‍വ്യത്യസ്തമായ രണ്ട് ജീവിതപരിസരങ്ങളുടെ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. വൃത്തിയെക്കുറിച്ചുള്ള ഏറ്റവും വ്യാജമായസങ്കല്‍പ്പങ്ങളെ പലയിടത്തും ഖണ്ഡിക്കുന്നുമുണ്ട്. പഴഞ്ചന്‍ ബസിലുള്ള യാത്രക്കിടയില്‍ പരിചയപ്പെട്ട നാടന്‍ കുട്ടികൊടുക്കുന്ന പേരക്ക തിന്നാന്‍ കൂട്ടാക്കാത്ത ഉണ്ണികൃഷ്ണന്‍ വിശപ്പ് വയറിനെ ആക്രമിക്കുമ്പോള്‍ അത് സ്വീകരിക്കാന്‍നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. നാഗരികതകളുടെ പൊങ്ങച്ചങ്ങള്‍ കെട്ടറ്റുവീഴുക വിശപ്പ് എന്ന സൂപ്പര്‍ റിയാലിറ്റിക്കുമുന്നലാണല്ലോ. ഉറക്കം അസ്വസ്ഥപ്പെടുത്തുമ്പോള്‍ വിലകുറഞ്ഞതും വൃത്തികെട്ടതുമായ ലോഡ്ജില്‍ ഉറങ്ങാനും അവര്‍നിര്‍ബന്ധിതരാവുന്നുമുണ്ട്. പക്ഷേ, ജീപ്പ് ഡ്രൈവറായ ശിവന്‍കുട്ടിക്ക് അതൊന്നും അപരിചിതമോ അസ്വാസ്ഥ്യമോ ആയിഅനുഭവപ്പെടുന്നില്ല. അതെല്ലാം അയാളുടെ സ്ഥിരാനുഭവങ്ങളാണ്. നഗരത്തിന്റെ കെട്ടുപാടുകളില്‍നിന്ന് മോചിതരായിഎന്നുറപ്പുവരുന്ന നേരത്താണ് അവരുടെ യാത്ര ഒരു പിക്നിക് പോലെയായി മാറുന്നത്. ' ഫോണും വലിച്ചെറിഞ്ഞ്കുറച്ചു ദിവസം എങ്ങോട്ടെങ്കിലും പോയാല്‍ മതി' എന്ന് പറഞ്ഞുപോകുന്നവരുടെ മാനസികാവസ്ഥയിലാണ് അവര്‍എത്തിച്ചേരുന്നത്. വരിഞ്ഞുമുറുക്കിയ നഗര ജീവിതത്തില്‍നിന്ന് രക്ഷപ്പെട്ടതില്‍ ആശ്വാസം കൊള്ളുന്നവരായി അവര്‍തീരുന്നു. പക്ഷേ, ക്ലൈമാക്സില്‍ വല്ലാതെ പതറിപ്പോയ ചിത്രമായിത്തീരുകയാണ് 'ഭ്രമരം'. അതിനാടകീയത ഭാവതീവ്രതകെടുത്തിക്കളഞ്ഞതിന്റെ കുറ്റം ചെറുതല്ല. സ്വന്തം മണ്ണില്‍ ഉറച്ചുനില്‍ക്കാനിഷ്ടപ്പെടുന്ന ശിവന്‍കുട്ടിയെകഥാപാത്രമാക്കുമ്പോള്‍ പൂവുകള്‍ തോറും പാറി നടക്കുന്ന 'ഭ്രമരം' (വണ്ട്) എന്ന് എന്തിനീ ചിത്രത്തിന് പേരിട്ടു എന്ന്ഇനിയും മനസ്സിലാകുന്നില്ല. കഥയുടെയും പാത്രസൃഷ്ടിയുടെയും സീനുകളുടെയും പല അംശങ്ങളിലും കണ്ടുമറന്ന നിരവധിസിനിമകളെ ചിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. 'താഴ്വാര'വും 'കന്മദ'വും 'രസതന്ത്ര'വും രാംഗോപാല്‍ വര്‍മയുടെ 'റോഡുംഹെന്റി ജോര്‍ജ് ക്ലോസോവിന്റെ 'വേജസ് ഓഫ് ഫിയറും' പലയിടത്തും മണക്കുന്നു. ഭൂമികയുടെയും മോഹന്‍ലാലിന്റെമകളായി അഭിനയിച്ച കുട്ടിയുടെയും അഭിനയം ഒരു റോഡ് യാത്രയിലെ ഗട്ടര്‍ അനുഭവമായിത്തീരുന്നുമുണ്ട്. പക്ഷേ, തെറ്റുകള്‍ പൊറുത്തുകൊണ്ട് രണ്ടേകാല്‍ മണിക്കൂര്‍ തിയേറ്ററില്‍ കണ്ടിരിക്കാന്‍ കഴിയുന്നു എന്നത് ചില്ലറ കാര്യമല്ലഇക്കാലത്ത്. ഒരു പാട്ടുസീനില്‍ ഒഴികെ മറ്റൊരിടത്തും കാഴ്ചക്കാരന് മൂത്രശങ്ക ശമിപ്പിക്കാന്‍ പുറത്തിറങ്ങണമെന്ന്തോന്നാതിരിപ്പിക്കാന്‍ ബ്ലസിക്കായി. ചിത്രം സമീപകാല സിനിമകളില്‍നിന്ന് വേറിട്ട് നില്‍ക്കുന്നതും ഇവിടെയാണ്. ചിരപരിചിതമായ വഴികളിലൂടെയല്ലാതുള്ള അവതരണം പുതിയ അനുഭവംതന്നെയാണ്. അജയന്‍ വിന്‍സന്റിന്റെ കാമറസംവിധായകന്റെ മനസ്സിനൊപ്പം നില്‍ക്കുന്നു.അതിമാനുഷ കഥാപാത്രങ്ങള്‍ തന്റെ കരിയറിനെ എങ്ങനെ നശിപ്പിച്ചു എന്ന്തിരിഞ്ഞ് ചിന്തിക്കാന്‍ ചിത്രം മോഹന്‍ലാലിന് നിരവധി അവസരങ്ങള്‍ നല്‍കുന്നുണ്ട്. മലയാളി മനസ്സിന്റെവിഹ്വലതകള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ പകര്‍ത്താനുള്ള ശേഷി ഇപ്പോഴും നടനില്‍ ഭദ്രമായി ശേഷിക്കുന്നുണ്ട്. സുരേഷ്മേനോന്‍ അവതരിപ്പിക്കുന്ന ഉണ്ണികൃഷ്ണനും വി.ജി. മുരളീകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഡോക്ടറും ഒരുപാട് പ്രതീക്ഷനല്‍കുന്നു. തടി കേടാവുന്നത് തടഞ്ഞാല്‍ മുരളീകൃഷ്ണന് മലയാളത്തില്‍ നല്ല കുറേ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍കഴിയുമെന്നുറപ്പ്. അത് മോഹന്‍ലാലിനും ബാധകമാണ്. ' ' '

കാലമാം ഇലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചൂ....


വര്‍ഷങ്ങള്‍ക്കുശേഷം വഴിയരികിലെ പെട്ടിപ്പീടികകളില്‍ മടങ്ങിയെത്തിയ റേഡിയോക്ക് പഴയ മര്‍ഫിയുടെവീഞ്ഞപ്പെട്ടി പോലെയുള്ള എടുത്താല്‍ പൊങ്ങാത്ത റേഡിയോയുടെ ഗാംഭീര്യമൊന്നുമില്ലായിരുന്നു. ആകാശവാണിയുടെ ഉച്ചവാര്‍ത്ത കേള്‍ക്കാന്‍ രാവിലെതന്നെ ഓണ്‍ ചെയ്ത് ചൂടു പിടിപ്പിക്കേണ്ട വാല്‍വിന്റെആ പഴംപാട്ടുപെട്ടിക്ക് പകരം ഡിജിറ്റല്‍ വ്യക്തതയുള്ള ഇത്തിരി കുഞ്ഞന്‍ എഫ്.എം റേഡിയോ. അതിന്റെവിദൂരമായ എതോ കോണിലിരുന്നു പുത്തന്‍കാലത്തിന്റെ ഭാവഭേദങ്ങള്‍ ഓര്‍മയില്ലാതെ വി.ടി. മുരളി പാടുന്നതുകേട്ടു. തിരൂരങ്ങാടി പ്രസില്‍നിന്നിറങ്ങിവന്ന ചുവന്നും കറുത്തും ചരിവുള്ള അലിഫും ബാഉം അക്ഷരങ്ങള്‍ നിരന്നചെറിയ പുസ്തകങ്ങളും കറുത്ത റബറിട്ട കല്ല് സ്ലേറ്റുമായി 'ഓത്തുപള്ളീലന്ന് നമ്മള് പോയിരുന്നകാല'ത്തെക്കുറിച്ച്. ആ പാട്ടിളക്കിവിടുന്ന ഓളങ്ങളോ അതിന്റെ ആഴമോ കണ്ണീര്‍ വാര്‍ത്തുനില്‍ക്കുന്നമേഘത്തിന്റെ നീലയെക്കുറിച്ചോ അറിയാതെ, അതെഴുതിയ കവിയെ കുറിച്ചോ പാടിയ ഗായകനെക്കുറിച്ചോഒന്നുമറിയാതെ മലയാളം പോലും നേരാംവണ്ണമറിയാതെ ഒരു റേഡിയോ ജോക്കി കൂടുതുറന്നു വിട്ട ആ പാട്ടില്‍എല്ലാമുണ്ടായിരുന്നു.പി.ടി. അബ്ദുറഹ്മാന്റെ വേദന കിനിഞ്ഞ വരികളില്‍ വി.ടി. മുരളി എന്ന ആഒറ്റപ്പാട്ടുകാരന്‍' രാഘവന്‍ മാഷിന്റെ വിരലൊച്ചകള്‍ക്കൊപ്പം പാടിത്തുറന്ന വന്‍കരകള്‍ മനസ്സില്‍തെളിഞ്ഞുവരുന്നു.കോന്തലക്കല്‍ കെട്ടിയ നെല്ലിക്കയുമായി വഴിയരികില്‍ കാത്തുനിന്ന ആ 'ഒരാള്‍' വക്കടര്‍ന്ന ഒരുബ്ലാക്ക് ആന്റ് വൈറ്റ് ചിത്രംപോലെ എവിടെയോ കിനിഞ്ഞു നില്‍പുണ്ട്. ഉസ്താദിന്റെ ചൂരല്‍ നിഴല്‍പ്പാടില്‍പതുങ്ങി ഓത്തു പള്ളിക്കൂടങ്ങളിലേക്കു പോയ കൂട്ടുകാരനിലൊരാള്‍ ഒത്തിരി കാലത്തിനുശേഷം കണ്ടപ്പോള്‍ഇന്നാളുകൂടി പറഞ്ഞു ഈ കിനിയലിനെപ്പറ്റി. അവനും കരുതിവെച്ചിരുന്നു പാഠപുസ്തകത്തില്‍മയില്‍പ്പീലിത്തണ്ട്. മാനം കാണാതെ മനസ്സുമാത്രം കാണിച്ച്, വിരിഞ്ഞോ എന്ന ആകാംക്ഷയില്‍ കണ്ണുണര്‍ന്നുവന്നപുലര്‍കാലങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ 'അങ്ങനെയൊക്കെയുണ്ടാകുമോ' എന്ന യുക്തിവാദമുന്നയിച്ചുകുഞ്ഞിമോന്‍. അവനറിയില്ലല്ലോ മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയമായാമയൂരങ്ങളെക്കുറിച്ച്.ഓത്തുപള്ളിയിലേക്കുള്ളതിനെക്കാള്‍ ആവേശമായിരുന്നു പള്ളിക്കൂടത്തിലേക്ക്പോകാന്‍. അവിടെ കളിക്കാനും ഓടാനും ചാടാനും വെള്ളത്തില്‍ കളിക്കാനും ഒത്തിരിയൊത്തിരിസ്വാതന്ത്യ്രങ്ങളുണ്ടായിരുന്നു. അവിടേക്കുള്ള വഴിയിലെ മാവില്‍നിന്ന് എറിഞ്ഞുവീഴ്ത്തുന്ന മാങ്ങയുടെപുളിപ്പറിയാതിരിക്കാന്‍ വഴിവക്കത്തെ പലചരക്കു കടയുടെ കോണില്‍ ചാരിവെച്ച ചാക്കില്‍നിന്ന് ഒരുപിടി ഉപ്പ്എല്ലാവരും കരുതിയിട്ടുണ്ടാവും. ഓര്‍മകള്‍ ഓര്‍ത്തുവെക്കുമ്പോള്‍ ഇടയിലെവിടെയോ വെച്ച് കണ്ണീരിന് കനംകൂടുന്നു. കാടിന്റെ പച്ചപ്പില്‍ കൂടും കുരുവികളും കോളാമ്പിപ്പൂക്കളും തേടിനടന്ന ആ കൂട്ടുകെട്ട് എവിടെവെച്ചാണ് മുറിഞ്ഞു വീണത്? ഏത് വാക്കിന്റെ പാരുഷ്യത്തിലാണ് തുഴ മുറിഞ്ഞ തോണിയാത്രപോലെ ഒറ്റക്കായിപോയത്? മങ്ങിയ കണ്ണാടി തുടച്ചു മിനുക്കി അപ്പോഴും വി.ടി. മുരളി പാടിക്കൊണ്ടേയിരുന്നു....''കാലമാംഇലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചുകാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ച്നീയൊരുത്തി ഞാനൊരുത്തന്‍നമ്മള്‍ തന്നിടക്ക്വേലികെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ കരുത്ത്...ജീവിതമെന്നത് എവിടെയോ എഴുതി കടുംചായംതേച്ചുവെച്ച ചിത്രകഥയല്ലെന്ന തിരിച്ചറിവിന് പതിവിലേറെ കാലത്തിന്റെ വൈകലുണ്ടായിരുന്നു. എല്ലാംതിരിഞ്ഞുവന്നപ്പോള്‍ കൈവിട്ടുപോയ കാലത്തെക്കുറിച്ച് ആരുമറിയാത്തൊരു മുറിവ് സൂക്ഷിക്കാത്ത ആരുണ്ട്ഈ ദുനിയാവില്..?ആ മുറിവിലാണ് പി.ടി.അബ്ദുറഹ്മാനും വി.ടി. മുരളിയും രാഘവന്‍ മാഷുംതൊട്ടോര്‍മപ്പെടുത്തുന്നത്.'എന്റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞ്എന്റെ കളിത്തോണി നീങ്ങി എങ്ങുപോയ്മറഞ്ഞ്?...'അടുത്ത പാട്ടിന് അണിഞ്ഞുണര്‍ന്നു ജോക്കി വരുമ്പോള്‍ പുതിയ എഫ്.എം റേഡിയോ പൊഴിച്ചകാലത്തിന്റെ ഇലഞ്ഞിപ്പൂക്കളില്‍നിന്ന് പിന്നെയും കറങ്ങിത്തിരിഞ്ഞ് ഒത്തിരിയൊത്തിരി മണമുയരുന്നു..... '

അയല്‍ക്കാരന്റെ തിരശ്ശീലയില്‍ തെളിയുന്നത്...


വിജയകാന്തിന്റെ നെഞ്ചില്‍ത്തട്ടിയ വെടിയുണ്ട ഒരു പോറലുപോലുമേല്‍പിക്കാതെ വെടിയുതിര്‍ത്ത വില്ലന്റെ മാറില്‍ തിരികെ കൊണ്ട് അയാള്‍ ചത്തുവീഴുന്നത് അടുത്ത കാലത്ത് പ്രചാരം കിട്ടിയ ഇന്റര്‍നെറ്റ് തമാശകളില്‍ ഒന്നാണ്. തെക്കന്‍ താരങ്ങളെ ലോകം പേടിക്കുന്നതെന്തുകൊണ്ടെന്ന തലവാചകത്തില്‍ പ്രചരിക്കുന്ന സാമ്പിള്‍ പട്ടികയില്‍നിന്ന് എന്തുകൊണ്ടാണ് മലയാള നായകന്മാരെ ഒഴിവാക്കിയതെന്നോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. എന്താണ് തമിഴ് സിനിമ എന്നതിനെക്കുറിച്ച് സ്ഥിരപ്പെട്ടുപോയ ഒരു കാഴ്ചയുടെ തുടര്‍ച്ചയായിരിക്കണം ദൃശ്യങ്ങളെ തമാശരൂപേണ ഇന്‍ബോക്സുകളിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ മിക്കവരെയും പ്രേരിപ്പിക്കുന്നത്.ജിപ്സി വാനും കുതിരയെയുമെല്ലാം രജനീകാന്ത് കാലില്‍കെട്ടി വലിക്കുമ്പോഴും ആനയെപ്പോലും ചിരഞ്ജീവി വെറും കൈകൊണ്ട് അടിച്ചോടിക്കുമ്പോഴും വിജയ് ആകാശത്തില്‍ പറന്നുനടന്ന് വില്ലന്മാരെ ഇടിച്ച് പരിപ്പെടുക്കുമ്പോഴും വിജയകാന്തിന്റെ ഇത്തരം തമാശകള്‍ കാണുമ്പോഴും സീറ്റില്‍ കയറിനിന്ന് കൈയടിക്കുകയും വായില്‍ വിരല്‍ തിരുകി വിസിലടിക്കുകയും ചെയ്തവരായിരുന്നു തമിഴ് സിനിമാ പ്രേക്ഷകര്‍. അതൊക്കെ ആസ്വാദനത്തിന്റെ പിരിവുകളിലെ മറക്കാനിഷ്ടപ്പെടുന്ന ഭൂതകാലമായി ഇപ്പോള്‍ തമിഴര്‍ക്കുപോലും തോന്നിയിരിക്കുന്നു.കൊഴുപ്പുമുറ്റിയ വയറ് വരിഞ്ഞുകെട്ടി പ്രായം മറയ്ക്കാന്‍ ദേഹമാസകലം ചായവും തേച്ച്, നമിത എന്ന സെക്സ് ബോംബിന്റെ കൈയും പിടിച്ച് ബിഗ്ബജറ്റുകളില്‍ ഇറങ്ങിയിട്ടും അടുത്ത കാലത്തൊന്നും ഒരൊറ്റ വിജയകാന്ത് ചിത്രവും തമിഴകത്ത് പച്ച തൊട്ടിട്ടില്ല. വരിവരിയായി എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. കോടികള്‍ പുല്ലാക്കി പത്തും ഇരുപതും വേഷങ്ങളില്‍ തട്ടിപ്പിടഞ്ഞ കമല്‍ഹാസന്റെയും രജനീകാന്തിന്റെയും ചിത്രങ്ങളുടെയും ഗതി മറ്റൊന്നായിരുന്നില്ല. നമിത ഇപ്പോള്‍ തമിഴകത്തുനിന്ന് മെല്ലെ തടിയൂരി കേരളത്തില്‍ വേരുറയ്ക്കുമോ എന്ന പരീക്ഷണത്തിലാണ്. അതും ഒരു വിപരീത കാലത്തിന്റെ സൂചന.പേടിപ്പെടുത്തുന്ന താരങ്ങളുടെ ലിസ്റ്റില്‍ മലയാള സിനിമയിലെ വലിയേട്ടന്മാരെ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ഒരുപക്ഷേ, പൂര്‍വകാലത്തില്‍ ചെയ്തുപോയ ചില നല്ല സിനിമകളുടെ പേരില്‍ അവരെ ദയാഹര്‍ജി പട്ടികയില്‍ പെടുത്തിയതായിരിക്കണം. താരങ്ങളുടെ ദേഹവലുപ്പം നോക്കാതെ മലയാളികള്‍ ഓരോ 'സൂപ്പര്‍ ചിത്രങ്ങളും' നിലത്തുവാരി അലക്കുന്ന കാലംകൂടിയാണിത്.സ്റ്റൈല്‍ മന്നന്മാരുടെയും ഉലക നായകന്മാരുടെയും ഇളയ ദളപതിമാരുടെയും അള്‍ട്ടിമേറ്റ് സ്റ്റാറുകളുടെയും ചിത്രങ്ങള്‍ നിലത്തുവീണുടയുന്നതിന്റെ നിലവിളികളാണ് ഇപ്പോള്‍ അയലത്തെ തിരശãീലയില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. തമിഴര്‍ ശീലിച്ചുപോന്ന സിനിമാ അഭിരുചികളുമായി ചേര്‍ത്തു നോക്കുമ്പോള്‍ ഇത് സങ്കല്‍പ്പിക്കാനാവാത്തതാണ്. കോയമ്പത്തൂരിലെയും മധുരയിലെയുമൊക്കെ നാട്ടുമ്പുറത്തെ ബീഡിപ്പുകയുടെയും വറുത്ത കപ്പലണ്ടിയുടെയും മണം കെട്ടിമറിയുന്ന ഓലക്കൊട്ടകകളില്‍ 'വേലക്കാരനും' 'അണ്ണാമലൈ'യും 'ബാഷ'യും 'പടയപ്പ'യും 'അപൂര്‍വ സഹോദരങ്ങളും' 'തേവര്‍മകനു'മൊക്കെ ഇപ്പോഴും പ്രേക്ഷകര്‍ ആര്‍പ്പുവിളികളോടെ സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. വിയര്‍പ്പൊഴുക്കാതെ കിടന്നുറങ്ങാന്‍ മടിക്കുന്ന തമിഴര്‍ തങ്ങളുടെ സ്വപ്നങ്ങളിലേക്ക് കാല്‍പനികതയുടെയും അതിശയോക്തിയുടെയും വീരസ്യങ്ങളുമായി തിരശãീല കീറിപുറത്തുവന്ന നായകന്മാരെ വെറും താരങ്ങള്‍ എന്ന ലേബലില്‍ ഒതുക്കാന്‍ തയാറല്ലായിരുന്നു. അങ്ങനെയാണ് താരങ്ങള്‍ അവര്‍ക്കിടയില്‍ ദൈവങ്ങളായി മാറിയത്. യാഥാര്‍ഥ്യത്തെ മറക്കാന്‍ കൊതിച്ച് അയഥാര്‍ഥമായ സ്വപ്നങ്ങളിലേക്കും വീര്യങ്ങളിലേക്കും ചേക്കേറുന്ന തമിഴന്റെ മനഃശാസ്ത്രമാണ് ബിംബനിര്‍മിതിക്കും അമ്പലനിര്‍മിതിക്കും പിന്നിലെന്ന് സാമൂഹിക ശാസ്ത്രകാരന്മാര്‍ കാരണം പറഞ്ഞോട്ടെ. പക്ഷേ, അതേ ദൈവങ്ങളുടെ ചിത്രങ്ങളെ കാലുവാരി നിലത്തടിക്കാന്‍ അതേ തമിഴനെ ഇപ്പോള്‍ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം?ടൈറ്റിലിലെങ്കിലും രജനീകാന്തിന്റെ പേരടിച്ച്് പുറത്തുവരുന്ന ഒരു ചിത്രം പൊട്ടുന്നത് ഒരു ശരാശരി തമിഴന് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല്ല. വെള്ളിത്തിരയിലെ രജനീകാന്തിന്റെ മരണത്തില്‍ ചാരമായി പോകാനിടയുള്ള തിയറ്ററുകളെ ഓര്‍ത്ത് ക്ലൈമാക്സില്‍ രജനീകാന്തിനുപകരം മണിരത്നത്തിന് മമ്മൂട്ടിയെ കൊല്ലേണ്ടിവന്നിട്ടുണ്ട് 'ദളപതി'യില്‍.ഒരു വശത്ത് 'കുചേലനും' 'ദശാവതാര'വും 'വില്ലും' 'അരസാങ്ക'വുമൊക്കെ പൊട്ടിപ്പാളീസാകുമ്പോള്‍ മറുവശത്ത് 'വെയിലും' 'പരുത്തിവീരനും' 'സുബ്രഹ്മണ്യപുര'വും തമിഴന്റെ പുതിയ ആവേശമായി മാറുകയാണ്. ഷഷ്ടിപൂര്‍ത്തിയിലേക്ക് കാലുനീട്ടിയിരിക്കുന്ന രണ്ടു സൂപ്പര്‍താരങ്ങള്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ കഴുത്തില്‍ കൈയിട്ട് നായകന്മാരായി കോമാളിക്കോലം കെട്ടുന്ന അസഹനീയ കാഴ്ചയില്‍ ഛര്‍ദിമണം പുരട്ടുന്ന മലയാളിയും പാണ്ടിപ്പടങ്ങളെ പതിവില്ലാത്ത ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നു. തമിഴ്നാട്ടില്‍പോലുമില്ലാത്തത്രയും ചര്‍ച്ചകളാണ് മലയാളത്തില്‍ സിനിമകള്‍ സൃഷ്ടിക്കുന്നത്. തമിഴ് എഴുത്തുകാരനായ ചാരുനിവേദിത പോലും 'സ്ലം ഡോഗ് മില്യനയറി'നെക്കാള്‍ മികച്ച ചിത്രമാണ് 'നാന്‍ കടവുള്‍' എന്ന് പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുക്കുന്നത് മലയാളത്തിലെ പ്രസിദ്ധീകരണങ്ങളെയാണ്.നാട്ടുജീവിതത്തിലെ കല്ലുപോലെ പരുപരുത്ത നേരുകളെ അതിശയോക്തികളുടെ അതിസാരങ്ങളില്ലാതെ നേര്‍ക്കുനേരെ നീട്ടിയപ്പോള്‍ ആവേശത്തോടെ ഒരു ജനത കൈയേല്‍ക്കുന്നതാണ് ഇപ്പോള്‍ തമിഴില്‍ സംഭവിക്കുന്നത്; മാറ്റത്തിന്റെ മുന്നില്‍ നടക്കുന്നത് ഒരുകൂട്ടം ചെറുപ്പക്കാരും. ഇതുവരെ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കലാകാരന്മാരുടെ കൂട്ടുകെട്ടാണ് സിനിമകളെ സംഭവങ്ങളാക്കി മാറ്റുന്നത്. രണ്ടോ മൂന്നോ നടന്മാരും അവരെ ചുറ്റിപ്പറ്റി കളപോലെ വളരുന്ന കുറേ സില്‍ബന്തികളും ചേര്‍ന്ന് അടുക്കളകാര്യങ്ങള്‍വരെ തീരുമാനിക്കുന്ന മലയാളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല. പ്രായംകൊണ്ട് ചെറുപ്പം തോന്നിക്കുമ്പോഴും ഇവിടുത്തെ സംവിധായകരുടെ മനസ്സില്‍ മമ്മൂട്ടിയും മോഹന്‍ലാലും മറച്ചുപിടിക്കുന്ന പ്രായത്തിന്റെ ചുളിവുകള്‍ വടുകെട്ടിക്കിടപ്പുണ്ട്.യാഥാര്‍ഥ്യങ്ങളെ മറയില്ലാതെ വിളിച്ചുകാണിച്ച് വിജയം കൊയ്യുമ്പോഴും മികച്ച ചിത്രങ്ങള്‍ എന്ന് അംഗീകരിക്കുമ്പോഴും 'വെയില്‍', 'പരുത്തിവീരന്‍', 'സുബ്രഹ്മണ്യപുരം' എന്നീ ചിത്രങ്ങള്‍ കണക്കിന് പഴി കേട്ടിരുന്നു, അളവുകോലുകളില്ലാതെ തുറന്നുവിട്ട വയലന്‍സ് രംഗങ്ങളുടെ പേരില്‍. ക്ലൈമാക്സുകളില്‍ ചോരപ്പുഴതന്നെയൊഴുകി. കാളപ്പോരും കുത്തിയാട്ടവും അലിഞ്ഞുചേര്‍ന്ന, ആര്‍പ്പുവിളികളോടെ ശവമെടുക്കുന്ന ഒരു ജനതയുടെ ജീവിതത്തില്‍നിന്ന് ഒഴിച്ചുനിറുത്താനാവാത്ത അക്രമോല്‍സുകതയുടെ അതിശയോക്തി കലരാത്ത ജീവിതസന്ദര്‍ഭങ്ങളാണ് സത്യത്തില്‍ ചിത്രങ്ങള്‍ അവതരിപ്പിച്ചത്. എങ്കിലും, നഗരവട്ടങ്ങള്‍ക്കപ്പുറത്തെ ഊരുകളില്‍ ഇപ്പോഴും കൊടുവാളുകള്‍ ഉയര്‍ന്നുതാഴുന്നു എന്ന് തെറ്റിദ്ധരിച്ചുപോകാന്‍പോലും ചിത്രങ്ങള്‍ ഇടയാക്കിയിട്ടുണ്ട് എന്നത് ഒരു കുറ്റംതന്നെയാണെന്ന് സമ്മതിക്കേണ്ടി വരും. പ്രത്യേകിച്ച് തെക്കന്‍ തമിഴകത്ത്. 'പരുത്തിവീരനും' 'സുബ്രഹ്മണ്യപുര'വും എത്തിയിടത്തുനിന്ന് മുന്നോട്ടുതന്നെ തമിഴ് സിനിമ സഞ്ചരിക്കുന്നുവെന്ന് 'വെണ്ണിലാ കബഡിക്കൂട്ടം' (വെണ്ണിലാ കബഡികുഴു) എന്ന പുതിയ ചിത്രത്തിന്റെ വിജയം വിളിച്ചുപറയുന്നു. സാധാരണ തമിഴ് സിനിമയില്‍ കണ്ടുവരുന്ന 'ചേരുവകള്‍' എല്ലാമടങ്ങിയ ഒരു ചിത്രം. എന്നിട്ടും അതൊരു അസാധാരണ ചിത്രമായി പ്രേക്ഷകന് അനുഭവപ്പെടുന്നു. സമകാലിക ചലച്ചിത്രലോകത്തെ വിസ്മയിപ്പിച്ച വിജയ ചിത്രങ്ങള്‍ കേള്‍ക്കേണ്ടിവന്ന ആക്ഷേപങ്ങളെ ചിത്രം ഒഴിവാക്കിയിരിക്കുന്നു.നഗരത്തിന്റെയും നഗരവത്കരണത്തിന്റെയും വളിപ്പന്‍ മുഖങ്ങള്‍ നൂറ്റൊന്ന് ആവര്‍ത്തിച്ചപ്പോഴുണ്ടായ വിരേചനമായി ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട് പുതുതലമുറയിലെ തമിഴ് സംവിധായകര്‍. അമീര്‍ സുല്‍ത്താനും വസന്തബാലനും ശശികുമാറുമൊക്കെ തെക്കന്‍ തമിഴകത്തിന്റെ ഗ്രാമങ്ങളിലാണ് കാമറ ഉറപ്പിച്ചത്. പുതുമുഖ സംവിധായകനായ സുശീന്ദ്രനും താരതമ്യേന പുതുതായ തന്റെ ടീമും ദിണ്ഡിഗല്ലിലെ ഗ്രാമങ്ങളില്‍ കാമറ നാട്ടി പറഞ്ഞ കബഡിക്കൂട്ടത്തിന്റെ കഥയില്‍ സൂപ്പര്‍താരങ്ങളോ എന്തിന് താരങ്ങള്‍ പോലുമോ ഇല്ല. കൃത്യമായൊരു നായകനോ നായികയോ വില്ലന്‍ പോലുമോ ഇല്ല. അടുത്ത സീന്‍ എന്തായിരിക്കും എന്ന് പ്രവചിക്കാന്‍ ശേഷിയുള്ള പ്രേക്ഷകരെവരെ അമ്പരപ്പിലാക്കി വില്ലന്‍ എന്നു സന്ദേഹിക്കുന്ന നിമിഷം കഥാപാത്രം ശൂന്യതയില്‍ ലയിച്ചു പോകുന്നു. നായികയായി സങ്കല്‍പിക്കാവുന്ന കഥാപാത്രത്തിന്റെ (മലയാളിയായ ശരണ്യമോഹന്‍) പേരു പോലും എവിടെയും പറയുന്നില്ല, പകരം അവള്‍ പഠിക്കുന്ന കോളജിന്റെ പേരുമാത്രമേ ഓര്‍മയിലുള്ളൂ. ജീവിതത്തിന്റെ ഒറ്റ ഷോട്ടില്‍ കടന്നുവന്നു മറയുന്ന ഓരോ മനുഷ്യര്‍ക്കും ജീവിതം അപ്പാടെ മാറ്റിമറിക്കാന്‍ ശേഷിയുണ്ട് എന്ന് സമര്‍ഥിക്കുകയായിരിക്കണം സംവിധായകന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായക കഥാപാത്രങ്ങളുടെ അമാനുഷികത കൂടുതല്‍ ഉയരത്തില്‍ സ്ഥാപിക്കാനുള്ള വെപ്രാളത്തിനിടയില്‍ സഹകഥാപാത്രങ്ങളെ തുപ്പല്‍ കോളാമ്പി താങ്ങികളാക്കുകയോ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ മറന്നു പോവുകയോ ചെയ്യുന്ന നമ്മുടെ സിനിമക്കാര്‍ ചിത്രം കാണണം. ഒരു സീനില്‍ വന്നുമറയുന്ന കഥാപാത്രംപോലും ഉടഞ്ഞുപോകാത്ത വ്യക്തിത്വവുമായി ഉണര്‍ന്നുനില്‍ക്കുന്നത് എങ്ങനെയെന്നതിന്റെ പാഠപുസ്തകമാവും ചിത്രം.എത്രമേല്‍ നഗരവത്കരിച്ചാലും തമിഴ് ജീവിതത്തില്‍നിന്ന് പറിച്ചു മാറ്റാന്‍ കഴിയാത്ത സാംസ്കാരിക അടയാളമാണ് തിരുവിഴ. നാട്ടു കോവിലിലെ ഉല്‍സവം. ഒരുകാലത്ത് കേരളത്തിലെ മിക്ക നാട്ടിന്‍പുറങ്ങളിലും സമാനമായ ഉല്‍സവ സംസ്കാരം കൊട്ടിയാടിയിരുന്നു. വെളിയൂരുകളിലേക്ക് കെട്ടിച്ചയച്ച പെണ്‍കിടാങ്ങള്‍ അവരുടെ പുരുഷന്മാര്‍ക്കും കിടാങ്ങള്‍ക്കുമൊപ്പം നാട്ടിലെത്തിയിരുന്നത് അത്തരം ഉല്‍സവനാളുകളിലായിരുന്നു. ഇന്നും ചില നാടുകളില്‍ സംസ്കാരത്തിന് മുറിവേറ്റിട്ടില്ല. പക്ഷേ, നമ്മുടെ സിനിമക്കാര്‍ക്ക് അതൊരു അശ്ലീലമായ കാഴ്ചയാണ്.ഓരോ തിരുവിഴകള്‍ക്കും ഇടയിലെ ദൂരംജീവിതത്തിന്റെ മാറ്റത്തിരുത്തലുകളുടേതും കൂടിയാണ്. ഓരോ തവണയും കാണാതാകുന്ന മുഖങ്ങളെ തിരയുന്നവരുടെ ജിജ്ഞാസയാണ് അതിന്റെ സൌന്ദര്യം. ആട്ടവും കൂത്തും പാട്ടും മേളം തകര്‍ക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഓരോരുത്തരും ഓരോ മുഖങ്ങളെയാവും തിരയുക. കണ്ടെത്തിയവരുടെ ആനന്ദമല്ല കാണാതെ പോകുന്നവരുടെ ആത്മനൊമ്പരം. പരുപരുത്ത നാട്ടുമുറ്റങ്ങളിലെ ഏറ്റവും സ്വാഭാവിക കായിക വിനോദമായ കബഡിയും തിരുവിഴയും ചേര്‍ത്തുനിറുത്തിയ സിനിമ സ്വാഭാവികസിനിമ എന്ന് അമീര്‍ സുല്‍ത്താനെപ്പോലുള്ള സംവിധായകര്‍ വിശേഷിപ്പിക്കുന്ന ഗണത്തില്‍ പെടുന്നു. തമിഴ്നാടിന്റെ ഗ്രാമാന്തരങ്ങളില്‍ ഇന്നും ആവേശം ചമക്കുന്ന കബഡിയുടെ പശ്ചാത്തലം സിനിമയില്‍ എവിടെയും വേറിട്ടുനില്‍ക്കുന്നില്ല. വിത്തിറക്കലും വിളവെടുപ്പും വീര്യം നുകരലുമെല്ലാംപോലെ അവരുടെ ജീവിതത്തിന്റെ ഭാഗംതന്നെയാണ്. ആട് മേയ്ക്കലും പാല് കറക്കലും ചായക്കച്ചവടവും സര്‍ക്കാര്‍ ഗുമസ്തനുമൊക്കെയായ ഒരു സംഘം ചെറുപ്പക്കാരെ ഒന്നിച്ചു ചേര്‍ക്കുന്നത് കബഡിയാണ്. അത് അവരില്‍ ആവേശവും ഐക്യവും തീര്‍ക്കുന്നു. വ്യക്തിഗത മികവിന്റെ കായിക രൂപങ്ങള്‍ക്ക് അവര്‍ക്കിടയില്‍ സ്ഥാനമില്ല. കൂട്ടം ചേര്‍ന്ന കഥാപാത്രങ്ങളായിരുന്നു ശൂന്യതയില്‍നിന്ന് 'റാംജിറാവു സ്പീക്കിംഗും' 'ഇന്‍ ഹരിഹര്‍നഗറും' 'ഗോഡ്ഫാദറും' മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളാക്കി മാറ്റിയത്. ചിത്രങ്ങളിലെ ഓരോ കഥാപാത്രങ്ങള്‍ക്കും പൂര്‍ണമാക്കാന്‍ ഓരോ ദൌത്യം ബാക്കിയുണ്ടായിരുന്നു. ഒരാളും അധികപ്പറ്റല്ലാത്ത പാത്രസൃഷ്ടി. വീണ്ടും തിരിച്ചറിവില്‍ എത്തുന്നതിന്റെ സൂചനയാവാം ഹരിഹര്‍നഗറിലേക്ക് ഒരു കൂട്ടം വയസ്സന്മാരെ തിരികെ വിളിക്കാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നത്. വെണ്ണിലാ എന്ന് പേരുള്ള കബഡിക്കൂട്ടവും അങ്ങനെയാണ്. ഒരാള്‍ വേര്‍പെട്ടുപോയാല്‍ അംഗഭംഗം വരുന്ന ഒരു ടീമിന്റെ സ്വാഭാവികമായ ഘടന. അതിനിടയില്‍ ഒരു തിരുവിഴക്ക് ബന്ധുക്കളോടൊപ്പം ഗ്രാമത്തിലെത്തിയ പട്ടണത്തിലെ കോളജില്‍ പഠിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയും കബഡിക്കൂട്ടത്തിലെ അംഗമായ മാരിമുത്തുവും അടുപ്പത്തിലാവുന്നതില്‍പ്പോലും അസ്വാഭാവികതയില്ല. എന്നാല്‍, തമിഴ്സിനിമയെ പതിവായി പിടികൂടുന്ന ബാധയൊഴിപ്പിക്കാന്‍ ചിത്രത്തിലും കഴിഞ്ഞിട്ടില്ലെന്നു മാത്രം. ദ്രാവിഡന്റെ സ്വത്വം ആത്മാവിലും ശരീരത്തിലും പേറുന്ന തമിഴര്‍ പതിവ് ചോക്ലേറ്റ് നായക സ്വരൂപത്തിന് ഒട്ടും ചേരാത്ത നിരവധിപേരെ ^ ചേറിലും പൊടിയിലും പൊരിവെയിലത്തും പണിയെടുക്കുന്നവന്റെ പ്രതിനിധികളെവരെ ^ നായകന്മാരാക്കാന്‍ ധൈര്യം കാണിച്ചിട്ടുണ്ട്. എം.ജി.ആറും കമലഹാസനും അജിത്തും മാധവനുംപോലുള്ള ഏതാനുംപേര്‍ ഒഴികെ മുക്കാല്‍ പങ്ക് നായകന്മാരും സൌന്ദര്യത്തിന്റെ വെളുത്ത രൂപക്കൂടിന് പുറത്തുനിന്നവരായിരുന്നു. തൊലിക്കറുപ്പിന്റെ എണ്ണമിനുപ്പില്‍ അധികാരം പ്രഖ്യാപിച്ചവരായിരുന്നു. രജനീകാന്താണ് അവരുടെ ഏറ്റവും വലിയ താരം. അതിന്റെ തുടര്‍ച്ചയിലാണ് വിജയകാന്തും പാര്‍ഥിപനും വിജയും ധനുഷുമെല്ലാം ഇടംപിടിച്ചത്. എന്നിട്ടും വെളുപ്പിനോടുള്ള വിധേയത്തം അഗ്രഹാരങ്ങളില്‍നിന്നിറങ്ങിവന്നതുപോലുള്ള നായികമാരെ അവതരിപ്പിച്ച് തമിഴിലെ വിപ്ലവകാരികളായ സംവിധായകര്‍വരെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. 'സുബ്രഹ്മണ്യപുര'ത്തിലെ തുളസി എന്ന കഥാപാത്രം മാത്രമേ അവളുടെ വീട്ടില്‍ വെളുത്തുതുടുത്തതായുള്ളൂ. ചിറ്റപ്പനും അപ്പനും അമ്മയും അനിയനുമെല്ലാം കറുകറുത്തവര്‍. നായകനും കറുത്തവന്‍. അതില്‍നിന്ന് വ്യത്യസ്തമായി കറുത്ത നായികയെ അവതരിപ്പിച്ചത് പുതുകാല സംവിധായകര്‍ തങ്കര്‍ ബച്ചനും ചേരനുമാണ്. 'ആട്ടോഗ്രാഫി'ലെ നായകന്റെ പള്ളിക്കൂട പ്രണയിനിയായ നായികയെ (മല്ലിക എന്ന മലയാളി അവതരിപ്പിച്ച കഥാപാത്രം) കറുത്തവളാക്കി ഗ്രാമത്തു പൊണ്ണായി അവതരിപ്പിച്ച ചേരന്‍ ഗോപികയെയും സ്നേഹയെയും കനികയെയും അണിനിരത്തി അതിന് പ്രായശ്ചിത്തം ചെയ്തു. 'അഴകി' എന്ന സിനിമയില്‍ കറുത്ത നായികയായ നന്ദിതാദാസിനെ കൊണ്ടുവന്ന തങ്കര്‍ ബച്ചന്‍ ദേവയാനിയെ പകരംവെച്ച് 'പാപപരിഹാരം' ചെയ്തു. കറുത്തവളെങ്കിലും അവള്‍ ബാല്യകാലത്ത് വെളുത്തവളായിരുന്നു എന്നു സമാധാനം കൊണ്ടു.മലയാളിയായ ശരണ്യമോഹനെന്ന വെളുത്തുമിന്നുന്ന നായികയെ കറുപ്പന്‍ നായകന് അരികത്ത് നിറുത്തിയ സുശീന്ദ്രനും നിറത്തിന്റെമേലുള്ള അപകര്‍ഷബോധത്തില്‍നിന്ന് മോചനമില്ല. പാപം പൊറുത്തുകൊടുക്കാന്‍ ചിത്രം നിര്‍മിച്ചെടുക്കുന്ന നന്മയുടെ അംശങ്ങള്‍ മതിയാകും. പതിവായി തോറ്റുകൊണ്ടിരുന്ന ഒരു കബഡിക്കൂട്ടത്തെ (വെണ്ണിലാ എന്നത് ടീമിന്റെ പേര്) അതിശയോക്തിയോ അതിഭാവുകത്വമോ ഇല്ലാതെ വിജയിപ്പിച്ചെടുക്കാന്‍ കോച്ചിന്റെ വേഷമിടുന്ന കിശോര്‍ എന്ന നടന് കഴിയുന്നുണ്ട്. പതിവായി വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്ത നടന്‍ എറെ പ്രതീക്ഷ നല്‍കുന്നു.അടുത്ത തിരുവിഴക്ക് കാണാം എന്നു പറഞ്ഞു പിരിഞ്ഞ നായികാനായകന്മാരുടെ കൂടിച്ചേരല്‍ കാത്തിരിക്കുന്ന പ്രേക്ഷകനെ ഞെട്ടിച്ചു വീഴ്ത്തിയ ക്ലൈമാക്സാണ് സത്യത്തില്‍ ചിത്രത്തിന്റെ കാതല്‍. 'സുബ്രഹ്മണ്യപുര'ത്തിന്റെ ക്ലൈമാക്സില്‍ ആത്മമിത്രമായ പരമനെ ഇത്തിരി പണത്തിനായി കാശി ഒറ്റുകൊടുത്തതിന്റെ ഔചിത്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയവരെപ്പോലും അംഗീകരിപ്പിച്ചുകൊണ്ടാണ് ആരും പ്രതീക്ഷിക്കാത്ത ഇടത്തില്‍ ചിത്രം അവസാനിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ക്ലൈമാക്സ്. അവസാനവട്ടത്തില്‍ പതറിപ്പോകുന്ന തിരക്കഥകള്‍ക്ക് അപവാദം. അടുത്ത തിരുവിഴയില്‍ കാണാമെന്ന വാക്കുതെറ്റിക്കാതെ മാരിയുടെ ഓര്‍മക്കായി കൈയില്‍ കരുതിയ കറുത്ത ചരടില്‍ കൊരുത്ത് അവന്‍ കഴുത്തില്‍ അണിയാറുണ്ടായിരുന്ന മാലയുമായി ആള്‍ത്തിരക്കിനിടയില്‍ അലയുന്ന അവളുടെ കണ്ണുകളുടെ ഉത്തരമായി ഒരു ക്ലൈമാക്സ് വാര്‍ത്തെടുത്തത് സമീപകാല തമിഴ് സിനിമകള്‍ എത്തിയിടത്തുനിന്ന് ചിത്രത്തെ പിന്നെയും മുന്നോട്ടുനയിക്കുന്നു.ചെന്നൈയിലെ മള്‍ട്ടിപ്ലക്സില്‍ ആദ്യ പ്രദര്‍ശനം കഴിഞ്ഞശേഷം സംവിധായകന്‍ സുശീന്ദ്രനെ ഫോണില്‍ വിളിച്ചു സംസാരിച്ചത് 250 ഓളം സഹസംവിധായകരാണ്. സൂപ്പര്‍താരങ്ങളെ വെച്ച് എന്നെങ്കിലും ഒരു ചിത്രമെടുത്ത് ചലച്ചിത്ര ലോകത്തില്‍ മേല്‍വിലാസമുണ്ടാക്കാനായി സൂപ്പര്‍ സംവിധായകരുടെ ആട്ടും തുപ്പും കൊള്ളുന്ന വെറും ക്ലാപ്പടിക്കാരായ അവര്‍ ചിത്രം തങ്ങള്‍ക്ക് അപാരമായ ആത്മവിശ്വാസം നല്‍കിയതായി ഒരേ സ്വരത്തില്‍ പറഞ്ഞു. രണ്ടുമൂന്ന് താരങ്ങളും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മാഫിയ സംഘങ്ങളും വേലികെട്ടി പാറാവുനില്‍ക്കുന്ന മലയാള സിനിമയില്‍നിന്ന് ഇങ്ങനെയൊരു ചിത്രം ഉണ്ടാവില്ലെന്നുറപ്പ്. ഉപഭോഗത്തിന്റെ നാഗരിക സംസ്കാരം കീഴ്പ്പെടുത്തുന്ന സിനിമയെ രക്ഷിക്കാന്‍ ഒരുകൂട്ടം സംവിധായകര്‍ക്ക് ചെന്നുകയറാന്‍ പാകത്തില്‍ ഇന്നും ഗ്രാമങ്ങള്‍ അവശേഷിക്കുന്നുണ്ട് തമിഴകത്ത്. ചെന്നൈയും സേലവും കോയമ്പത്തൂരും മധുരയും പോലുള്ള നഗരത്തില്‍ ജീവിക്കുമ്പോഴും തമിഴന്റെ ഉള്ളില്‍ ചുരമാന്തുന്നത് നാട്ടിന്‍പുറങ്ങളാണ്. എവിടേക്ക് തുറന്നുപിടിച്ചാലും കാമറകളില്‍ കാഴ്ച പതിയും. അങ്ങനെയൊരു ഗ്രാമീണത ജീവിതത്തിന്റെ എല്ലായിടങ്ങളില്‍നിന്നും ബോധപൂര്‍വം അകറ്റി നിറുത്തിയ മലയാളിക്ക് സാഗര്‍ ഏലിയാസ് ജാക്കിമാര്‍ മതി. പഴയ വീഞ്ഞ്; കുപ്പി പോലും മാറ്റണ്ട.l